scorecardresearch
Latest News

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥർ: ഗവർണർ

നവോത്ഥാനസംഘടനകളുടെ സഹായത്തോടെ സർക്കാർ സംഘടിപ്പിച്ച വനിതാമതിൽ വൻ വിജയമായിരുന്നുവെന്നും ഗവർണർ പറഞ്ഞു

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥർ: ഗവർണർ

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് ഗവർണർ പി.സദാശിവം. ലിംഗനീതിയിൽ അടിയുറച്ച് വിശ്വസിച്ചാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും 2019-20 കാലത്തെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുളള നയപ്രഖ്യാപന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാനസംഘടനകളുടെ സഹായത്തോടെ സർക്കാർ സംഘടിപ്പിച്ച വനിതാമതിൽ വൻ വിജയമായിരുന്നുവെന്നും ഗവർണർ പറഞ്ഞു. മുപ്പത് ലക്ഷം സ്ത്രീകൾ വനിതാമതിലിൽ അണിനിരന്നത് ഒരു ചരിത്രനേട്ടമായിരുന്നുവെന്ന് ഗവർണർ പറഞ്ഞു. വരും തലമുറകൾക്ക് നവോത്ഥാനമൂല്യങ്ങൾ പകർന്നു നൽകാൻ ഒരു നവോത്ഥാനമ്യൂസിയം നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നതായും ഗവർണർ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ കേരളത്തോടുളള സമീപനത്തെയും ഗവർണർ കുറ്റപ്പെടുത്തി. കേന്ദ്ര – സംസ്ഥാന ബന്ധം ശരിയായ നിലയ്ക്കല്ല പോകുന്നതെന്ന് ഗവർണറുടെ പ്രസംഗത്തിൽ പറഞ്ഞു. ഇരു സർക്കാരുകൾക്കുമിടയിൽ  നിരവധി സാമ്പത്തിക പ്രശ്നങ്ങളുണ്ട്. മുൻകാല നേട്ടങ്ങൾ തുടരാൻ സാധിക്കാത്ത സ്ഥിതിയാണെന്ന് വ്യക്തമാക്കിയ പ്രസംഗം കേരളം പുരോഗതി കൈവരിച്ച സംസ്ഥാനമാണെന്ന കാരണം ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങൾ നിഷേധിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

കേരളം നേരിട്ടത് നൂറ്റാണ്ടിലെ മഹാപ്രളയമാണെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.പ്രളയത്തെ നേരിടാൻ സഹായിച്ച എല്ലാവർക്കും സർക്കാരിന്റെ നന്ദി അറിയിച്ചു.  പ്രളയം നേരിടാൻ സാധ്യമായ എല്ലാ മാർഗവും സംസ്ഥാനം എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചതായി ഗവർണർ പറഞ്ഞു. കേന്ദ്ര സേനയ്ക്കും മൽസ്യത്തൊഴിലാളികൾക്കും പ്രത്യേകം നന്ദി അറിയിച്ച പ്രസംഗത്തിൽ സാലറി ചാലഞ്ചിൽ പങ്കെടുത്തവരെ അഭിനന്ദിക്കുകയും ചെയ്തു.

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഗവർണറുടെ പ്രസംഗം. കൊല്ലം ബൈപ്പാസ്, ഗെയിൽ പൈപ്പ് ലൈൻ, മലയോര ഹൈവേ എന്നിവ സർക്കാറിന്റെ വികസന നേട്ടങ്ങളായി ഗവർണർ സഭയിൽ പറഞ്ഞു. ആദിവാസി കൂടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും ഇതിനായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുമെന്നുമാണ് മറ്റൊരു പ്രഖ്യാപനം.

പതിനാലാം കേരള നിയമസഭയുടെ 14ാം സമ്മേളനമാണ് നടക്കുന്നത്.  നിയമസഭയ്ക്ക് മുന്നിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എകെ ബാലൻ എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു. മലയാളത്തിലാണ് ഗവർണർ പ്രസംഗം തുടങ്ങിയത്.

ഗവർണർ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. “എന്റെ പ്രസംഗം കേൾക്കൂ,” എന്നായിരുന്നു ഗവർണറുടെ മറുപടി. ഇതിന് ശേഷം പ്രതിപക്ഷം ശാന്തരായി പ്രസംഗം കേൾക്കാനിരുന്നു.

നയപ്രഖ്യാപനത്തിന് ശേഷം നിയമസഭ ഇന്നത്തേക്ക് പിരിയും. ഈ മാസം 31നാണ് ബജറ്റ് അവതരണം. നയപ്രഖ്യാപനത്തിന് മേലുളള നന്ദിപ്രമേയ ചർച്ചയ്ക്കും ബജറ്റിന് മേലുളള പൊതുചർച്ചയ്ക്കും മൂന്ന് ദിവസം വീതമാണ് നീക്കിവച്ചത്. ഫെബ്രുവരി ഏഴിന് സമ്മേളനം സമാപിക്കും.

സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യവികസനം, ക്രമസമാധാനം തുടങ്ങി സമസ്ഥ മേഖലകളുടെയും കുതിപ്പിനുളള നയപരിപാടികളായിരുന്നു കഴിഞ്ഞ വര്‍ഷം ഗവര്‍ണര്‍ പി.സദാശിവം അവതരിപ്പിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ പ്രളയം കേരളത്തെ പാടേ തകർത്തു. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം പദ്ധതിയും വിദ്യാഭ്യാസ സംരക്ഷണ മിഷനുമാണ് ഈ കാലയളവിൽ മികച്ച മുന്നേറ്റം സാധ്യമാക്കിയത്. ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് പ്രതീക്ഷിച്ച മുന്നേറ്റം സാധ്യമാക്കിയില്ല.

നോട്ട് നിരോധനത്തിനും ജിഎസ്‌ടിക്കും ഏറെ വിമർശനവുമായാണ് കഴിഞ്ഞ തവണ ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയത്. എന്നാൽ ഗവർണർ പി സദാശിവം ഈ ഭാഗങ്ങൾ പാടേ ഒഴിവാക്കി. കേന്ദ്രത്തെ വിമർശിക്കുന്ന ഒന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉൾക്കൊളളിച്ചില്ല. ഇക്കുറി ശബരിമല വിഷയവും പ്രളയവുമാകും പ്രധാന വിഷയം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala assembly budget conference starts today

Best of Express