കൊച്ചി: തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ക്കു മാസം തോറും സംസ്ഥാന സര്‍ക്കാര്‍ കൂലി സബ്‌സിഡി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന സംരംഭങ്ങള്‍ക്കാണു സബ്‌സിഡി നല്‍കുക.

സ്ത്രീതൊഴിലാളികള്‍ക്കു പുരുഷന്മാരേക്കാള്‍ കൂടുതല്‍ തുക സബ്‌സിഡി ഇനത്തില്‍ സംരംഭകര്‍ക്കു ലഭിക്കും. ഇതുവഴി സ്ത്രീകള്‍ക്കു കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള-2020ന്റെ ഉദ്ഘാടനച്ചടങ്ങിലാണു മുഖ്യമന്ത്രി സുപ്രധാന പ്രഖ്യാപനം നടത്തിയത്.

രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ മാത്രമേ സബ്‌സിഡി ലഭിക്കുകയുള്ളൂ. ഈ സംരംഭങ്ങള്‍ക്ക് ഇഎസ്‌ഐ, പിഎഫ് എന്നിവയുണ്ടായിരിക്കണം. ഇതുവഴി 37 ലക്ഷം പേര്‍ക്കു സാമൂഹിക പരിരക്ഷ ലഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഇങ്ങനെയെങ്കിൽ നാട്ടിൽ എങ്ങനെ കച്ചവടം നടത്താനാവും: ഹൈക്കോടതി

സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്താന്‍ നിരവധി നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങളില്‍ ആയിരം പേര്‍ക്ക് അഞ്ചെന്ന നിരക്കില്‍ തൊഴില്‍ നല്‍കണമെന്ന നിബന്ധന കൊണ്ടുവരും. വിദേശത്തുനിന്നുള്ള നിക്ഷേപകര്‍ക്കു മാത്രമായി പ്രത്യേക നിക്ഷേപക സംഗമം നടത്തും.

250 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള, 1000 പേര്‍ക്കു തൊഴില്‍ നല്‍കുന്ന സംരംഭങ്ങള്‍ക്കു കൈവശം വയ്ക്കാവുന്ന സ്ഥലത്തിന്റെ പരിധിയില്‍ ഇളവ് നല്‍കും. ഇതിനായി ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു വരുത്തും. എട്ടു മീറ്റര്‍ വീതിയുള്ള പഞ്ചായത്ത് റോഡുകളുടെ ഓരത്തുള്ള സംരംഭങ്ങളുടെ കെട്ടിടങ്ങള്‍ക്കു 18,000 ചതുരശ്ര അടിയെന്ന പരിധി പരിഷ്‌കരിക്കും.

സ്ത്രീകള്‍ക്കു വൈകീട്ട് ഏഴുമുതല്‍ രാവിലെ ആറു വരെ ജോലിയെടുക്കുന്നതിലെ നിയന്ത്രണം എടുത്തുകളയും. സ്ത്രീകളുടെ സുരക്ഷിത യാത്രയും തൊഴില്‍ അന്തരീക്ഷവും സ്ഥാപന ഉടമയുടെ ബാധ്യതയായിരിക്കും. താമസ സൗകര്യം ആവശ്യമെങ്കില്‍ അതും സ്ഥാപനമുടമയുടെ ഉത്തരവാദിത്തമായിരിക്കും.

Also Read: പത്ത് വര്‍ഷത്തിനകം തൊഴിലില്ലായ്‌മ പൂര്‍ണമായി ഇല്ലാതാക്കും: മുഖ്യമന്ത്രി

20,000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള പാരിസ്ഥിതിക അനുമതി, ജിയോളജി വിഭാഗവുമായി ബന്ധപ്പെട്ട അനുമതി, തൊഴിലാളികള്‍ക്കുള്ള താമസസ്ഥലം ഒരുക്കുന്നതിനുള്ള അനുമതി എന്നിവ ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തും.

തൊഴില്‍ തര്‍ക്കങ്ങള്‍ മൂലം തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ബിപിസിഎല്‍ മാതൃകയില്‍ മാനേജ്‌മെന്റും തൊഴിലാളികളുമടങ്ങുന്ന സമിതികള്‍ രൂപീകരിക്കും. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി സംബന്ധിച്ച ഡീംഡ് ലൈസന്‍സ് മാതൃക പ്രകാരം വൈദ്യുതി കണക്ഷനുള്ള അനുമതി 30 ദിവസത്തിനുള്ളില്‍ നല്‍കണം.

Also Read: ധോണി പുറത്തേക്ക്; നിര്‍ണായക മുന്നറിയിപ്പുമായി ഇന്ത്യന്‍ പരിശീലകന്‍

വ്യവസായ യൂണിറ്റിന് അനുമതി ലഭിച്ചാല്‍ ഏറ്റവും അടുത്തുള്ള ജലസ്രോസില്‍ നിന്നു വെള്ളമെടുക്കാന്‍ അനുമതി നല്‍കും. സ്ഥാപനത്തിനു മഴവെള്ള സംഭരണി നിര്‍ബന്ധമാക്കും. നിലവിലെ വൈദ്യുതി കണക്ഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ നല്‍കുന്ന സെക്യൂരിറ്റി തുക ഭാവിയിലെ താരിഫില്‍ ഗഡുക്കളായി തിരികെ നല്‍കാനുള്ള സംവിധാനമുണ്ടാക്കും.

കെഎസ്‌ഐഡിസി ധനസഹായത്തിനുള്ള പരിധി 35 കോടി രൂപയില്‍നിന്ന് 100 കോടിയായി വര്‍ധിപ്പിക്കും. പ്രത്യേക സാഹചര്യത്തില്‍ അതില്‍ കൂടുതലും നല്‍കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.