കൊച്ചി: ലോകത്ത് സന്ദശിക്കേണ്ട മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളം. ടൈംസ് മാഗസിൻ പുറത്തുവിട്ട 50 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളമുള്ളത്. ‘എക്കോടൂറിസം കേന്ദ്രം’ എന്ന വിശേഷണത്തോടെയാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റൊരു സ്ഥലം.
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന, മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കൊണ്ട് മനോഹരമായ സ്ഥലമാണ് കേരളം എന്നാണ് ടൈംസിന്റെ വെബ്സൈറ്റ് പറയുന്നത്. ഈ വർഷം കേരളം ‘മോട്ടോർ-ഹോം’ ടൂറിസം ആരംഭിച്ചെന്നും സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക് വാഗമണിൽ തുടങ്ങിയെന്നും വെബ്സൈറ്റിൽ പറയുന്നു.
ഹൗസ് ബോട്ട് ടൂറിസത്തിൽ വിജയിച്ച സംസ്ഥാനം സുസ്ഥിര വിനോദസഞ്ചാര വികസനമെന്ന വാഗ്ദാനവുമായി തുടങ്ങിയ കാരവൻ ടൂറിസത്തിലും ആ വിജയം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ബീച്ചുകളും പച്ചപുതച്ച തോട്ടങ്ങളും അതിന്റെ പുതുമയും അനുഭവിക്കുന്നതിനായി ആയിരത്തിലധികം ക്യാമ്പർമാർ കേരളത്തിൽ സഞ്ചരിക്കുന്നുണ്ടെന്നും ടൈംസ് വെബ്സൈറ്റ് പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ യുനസ്കോ പൈതൃക സ്ഥലമാണ് അഹമ്മദാബാദിനെ സാംസ്കാരിക ടൂറിസത്തിന്റെ മെക്കയെന്നാണ് ടൈം വിശേഷിപ്പിക്കുന്നത്. അഹമ്മദാബാദിലെ ഗാന്ധി ആശ്രമത്തെക്കുറിച്ചും നവരാത്രി ആഘോഷങ്ങളെക്കുറിച്ചും വെബ്സൈറ്റിൽ പറയുന്നുണ്ട്.