ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആനി രാജയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയെ വൈക്കത്തെ വീട്ടിലെത്തി ഹാദിയയെയും കുടുംബത്തെയും സന്ദർശിച്ചു. ഇസ്ലാം മതം സ്വീകരിച്ച് മുസ്ലിം യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് ദേശീയ തലത്തിൽ തന്നെ ഹാദിയ കേസ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ താൻ പിന്തുണയ്ക്കുന്ന സിപിഐ യിൽ നിന്ന് ആരും ഈ സംഭവത്തിൽ സഹായം നൽകിയില്ലെന്ന് ഹാദിയയുടെ പിതാവ് അശോകൻ പറഞ്ഞിരുന്നു. തന്നെ സഹായിക്കാൻ എത്തിയത് ബിജെപിയും ആർഎസ്എസും ആണെന്ന് ഇദ്ദേഹം പറഞ്ഞതിന് പിന്നാലെയാണ് ആനി രാജയുടെ നേതൃത്വത്തിൽ അശോകന്റെ വീട്ടിലേക്ക് സിപിഐ സംഘം എത്തിയത്.

“അവർ ഇന്ന് ആദ്യമായി വീട്ടിൽ വന്നു. കുറച്ച് നേരം എനിക്കും ഭാര്യയ്ക്കും ഒപ്പം ചിലവഴിച്ച ശേഷം മടങ്ങി”, അശോകൻ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. സന്ദർശനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആനി രാജ വിസമ്മതിച്ചു. “രാഹുൽ ഈശ്വർ ആ കുടുംബത്തോട് ചെയ്തത് ആവർത്തിക്കാൻ എനിക്ക് താത്പര്യമില്ല. അവരെ കൂടുതൽ പ്രശ്നത്തിലേക്ക് തള്ളിവിടാനുമില്ല”, ആനി രാജ പ്രതികരിച്ചു.

തീവ്ര മുസ്ലിം നിലപാടുള്ള പോപ്പുലർ ഫ്രണ്ടിന് ശേഷം രാഹുൽ ഈശ്വറാണ് തനിക്കും കുടുംബത്തിനും ഏറ്റവുമധികം ദോഷം ചെയ്തതെന്ന് കഴിഞ്ഞ ദിവസം അശോകൻ പ്രതികരിച്ചിരുന്നു. “ഹാദിയയെ വിവാഹം കഴിച്ച യുവാവിനെതിരെ ഗുരുതരമായ കുറ്റങ്ങളുണ്ട്. പല ഭാഗത്ത് നിന്നും ഇത്തരം വിവാഹങ്ങൾക്കെതിരെ ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതെല്ലാം മുസ്ലിം സമുദായത്തെ ഒന്നാകെ സംശയത്തിന്റെ നിഴലിൽ നിർത്തുകയാണ്”, ആനി രാജ പ്രതികരിച്ചു.

മെയ് 24 നായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി. കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം അസാധുവാക്കിയ കോടതി, ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയായിരുന്നു. ഹാദിയയുടെ അച്ഛന്‍ കോട്ടയം സ്വദേശി അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി.

ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച കോടതി അതിന് ഉത്തരവിട്ടിരുന്നു.

നേരത്തെ ഹാദിയ അവകാശലംഘനം നേരിടുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുവാദം തേടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ ജോസഫൈനും വ്യക്തമാക്കിയതിന് പുറകെയാണ് ആനി രാജ അടങ്ങുന്ന വനിതാ നേതാക്കളുടെ സന്ദര്‍ശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ