കൊച്ചി: ഈ വര്‍ഷം സംസ്ഥാനത്ത് നിന്നുള്ള ആയിരം കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. പ്രസാദ്. എറണാകുളം മറൈന്‍ ഡ്രൈവില്‍ കേരാളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടത്തില്‍ നൂറ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും ഇതിനോടകം 131 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനില്‍ എത്തിച്ചത്. ഭൗമ സൂചിക പദവി ലഭിച്ച കാര്‍ഷിക വിളകളുടെ ഉല്‍പ്പന്നങ്ങള്‍കൂടി ഘട്ടം ഘട്ടമായി ഓണ്‍ലൈന്‍ വിപണിയിലെത്തിക്കും. ആയിരം ഉല്‍പ്പന്നങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കെത്താന്‍ എല്ലാ കൃഷി ഭവനുകളില്‍ നിന്നും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ വളരുന്നതിനാല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വിഷരഹിത കാര്‍ഷിക വിളകള്‍ക്ക് മികച്ച ഗുണമേന്മയുള്ളതിനാല്‍ കേരളത്തിന് പുറത്ത് നിരവധി ആവശ്യക്കാരാണുള്ളത്. ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച പാക്കറ്റുകളില്‍ വിതരണം ചെയ്യുന്നതിനായി മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കിംഗിന്റെ സഹായം തേടിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന് സര്‍ക്കാര്‍ തുടക്കം കുറിച്ചു. കൃഷിയുടെ വികസനത്തിനായി ഒരു കൃഷി ഭവനില്‍ 10 ഫാം പ്ലാനുകള്‍ എന്ന അടിസ്ഥാനത്തില്‍ 10,760 ഫാം പ്ലാനുകള്‍ തയ്യാറാക്കി. കാര്‍ഷിക മേഖലയെ മൂല്യവര്‍ധിത കൃഷിയിലേക്ക് മാറ്റുന്നതിനായി മൂല്യ വര്‍ധിത കമ്മീഷന് രൂപം കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 11 വകുപ്പുകളെ ഉള്‍പ്പെടുത്തിയാണ് കമ്മീഷന്‍ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.