തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറിനോടുള്ള സമീപനത്തിൽ മാറ്റമില്ലാതെ സംസ്ഥാന സർക്കാർ. ഇദ്ദേഹത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിയമിക്കാനുള്ള നിർദ്ദേശത്തിൽ സർക്കാർ അതൃപ്തി രേഖപ്പെടുത്തി. ട്രിബ്യൂണലിലെ രണ്ട് ഒഴിവുകളിലേക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിയാണ് മൂന്ന് പേരുകൾ നിർദ്ദേശിച്ചത്.

എന്നാൽ ഈ പട്ടിക കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലീകരിക്കാവുന്നതാണെന്ന കുറിപ്പോടെ ഗവർണർക്ക് കൈമാറുകയാണ് സർക്കാർ ചെയ്തത്. ഫലത്തിൽ സ്വാഭാവിക നടപടിയെന്ന് തോന്നുമെങ്കിലും മന്ത്രിസഭ യോഗത്തിന്റെ തീരുമാനം ടി.പി.സെൻകുമാറിനോടുള്ള കടുത്ത അതൃപ്തിയാണ് വ്യക്തമാക്കുന്നതെന്നാണ് വിവരം.

ഈ സ്ഥാനത്തേക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അപേക്ഷ ക്ഷണിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച ശേഷമാണ് ഇതിൽ നിന്ന് ആളുകളെ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നത്. സർക്കാർ ശുപാർശയോടെ ഗവർണർക്ക് കൈമാറുന്ന ഫയൽ രാഷ്ട്രപതിക്ക് കൈമാറി, അദ്ദേഹം ഒപ്പുവച്ചാലാണ് ഉത്തരവാകുക.

ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയ സർക്കാർ നടപടിക്കെതിരെ ടി.പി.സെൻകുമാർ കോടതിയെ സമീപിച്ചിരുന്നു. സർക്കാരിനും സെൻകുമാറിനും ഇടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ സംഭവത്തിനും കാരണമായത്. ആറ് മാസത്തിലേറെയായി സർക്കാരിന്റെ പരിഗണനയിലായിരുന്നു ഈ ഫയൽ. നടപടിയെടുക്കാതെ സർക്കാർ വൈകിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.

ഈ ഫയൽ നടപടിയെടുക്കാതെ വയ്ക്കുന്ന സാഹചര്യത്തിൽ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടി സ്വീകരിക്കണമെന്ന കോടതി നിർദ്ദേശത്തെ തുടർന്ന് ഫയൽ പരിശോധിച്ച മന്ത്രിസഭ, ഇതിൽ അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. സർക്കാർ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഈ പട്ടികയിൽ നിന്ന് നിയമനം നടക്കാനുള്ള സാധ്യകൾ കുറവാണ്.

ഗവർണർ സർക്കാർ നിലപാട് തള്ളി തീരുമാനമെടുത്താൽ മാത്രമേ നിയമനം നടക്കൂ. എന്നാൽ ഇതിന് അദ്ദേഹം മുതിരുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ