തിരുവനന്തപുരം: സര്‍ക്കാരിന്‍റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 2018 ജനുവരി ഒന്നിന് നിലവില്‍വരും. കെഎഎസിന്‍റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

കെഎഎസ് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാനരൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെഎഎസ് രൂപീകരിക്കുന്നത്.

കെഎഎസിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ്

I. നേരിട്ടുള്ള നിയമനം. പ്രായപരിധി 32 വയസ്സ്. പിന്നോക്ക വിഭാങ്ങള്‍ക്കും പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ഉയര്‍ന്നപ്രായപരിധിയില്‍ ഇളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത സര്‍വകലാശാലാബിരുദം.

II. നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം. പ്രായപരിധി 40 വയസ്സ്, വിദ്യാഭ്യാസയോഗ്യത ബിരുദം. ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിനുമുകളിലോ വരാത്ത സ്ഥിരം ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. സര്‍വീസില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയായിരിക്കണം.

III. ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ അതിനുമുകളിലോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. യോഗ്യത ബിരുദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.