Latest News

മാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകുമെന്ന് മുഖ്യമന്ത്രി; ഇന്ന് കൊടുത്തത് 4.96 ലക്ഷം പേര്‍ക്ക്

ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു

covid, covid vaccine, ie malayalam

തിരുവനന്തപുരം: മാസം ഒരു കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ലക്ഷം ഡോസ് വാക്‌സിന്‍ കഴിഞ്ഞ ദിവസം കൊടുക്കാനായി. ആഴ്ചയില്‍ 25 ലക്ഷം ഡോസ് വാക്‌സിന്‍ എന്ന നിലയ്ക്ക് മാസത്തില്‍ ഒരു കോടി ഡോസ് നല്‍കാനാവും. ഇക്കാര്യം ചൂണ്ടിക്കാട്ടി കൂടുതല്‍ വാക്‌സിനുവേണ്ടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ക്ലസ്റ്ററുകള്‍ വരുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് മേഖലകള്‍ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തിപ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് പ്രയാസം സൃഷ്ടിക്കാന്‍ പാടില്ല. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ല. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ന് 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറിയെന്നും മന്ത്രി പറഞ്ഞു.

24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായും മന്ത്രി പറഞ്ഞു. എറണാകുളത്ത് രണ്ടു ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Read More: കോവിഡ്: 5600 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

“ഇന്ന് 1,753 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 97,507 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. തൃശൂര്‍ ജില്ലയില്‍ 51,982 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ 40,000ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി,” മന്ത്രി പറഞ്ഞു.

“സംസ്ഥാനത്ത് 1,37,96,668 പേര്‍ക്ക് ഒന്നാം ഡോസും 59,65,991 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,97,62,659 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 39.3 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്,” മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala 4 9 lakhs covid vaccination in single day says health minister

The moderation of comments is automated and not cleared manually by malayalam.indianexpress.com