കൊച്ചി: പന്ത്രണ്ട് വയസ്സുകാരൻ അച്ഛനായ സംഭവത്തിൽ ഗുരുതരമായ ക്രിമിനൽ സ്വഭാവം ഇല്ലെന്ന് അന്വേഷണ സംഘ തലവനായ കളമശേരി സർക്കിൾ ഇൻസ്പെക്ടർ എസ്.ജയകൃഷ്ണൻ. സംഭവം അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടിയെയോ പെൺകുട്ടിയെയോ മാത്രമായി സംഭവത്തിൽ കുറ്റപ്പെടുത്താനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം.

“ഇരുവരും ബന്ധുക്കളാണ്. മാത്രമല്ല, അടുത്തടുത്ത വീടുകളിലാണ് താമസം. അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്ന് മാത്രമേ കരുതാൻ സാധിക്കൂ.” സി.ഐ പറഞ്ഞു. നാല് മാസം മുൻപാണ് അവിവാഹിതയും 17 വയസ് മാത്രം പ്രായമുള്ള പെൺകുട്ടി പ്രസവിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവാണ് മരുമകനാണ്  അച്ഛനെന്ന് പറഞ്ഞത്. പിന്നീട് പെൺകുട്ടിയും ഇതേ കാര്യം തന്നെ ആവർത്തിച്ചു. നിരന്തരം ചോദിച്ചിട്ടും പെൺകുട്ടി ഇതേ കാര്യത്തിൽ ഉറച്ച് നിന്നതോടെയാണ് പൊലീസ് അന്വേഷണം ഡിഎൻഎ ടെസ്റ്റിലേക്ക് നീങ്ങിയത്.

12 വയസ്സുകാരനാണ് ആൺകുട്ടിയെന്നാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും ഇക്കാര്യം തെറ്റാണെന്ന് പൊലീസ് പറഞ്ഞു. “ആൺകുട്ടിക്ക് പതിനാലും പെൺകുട്ടിക്ക് പതിനേഴും വയസ്സാണ് പ്രായം. ഇക്കാര്യം തെറ്റായി പ്രചരിച്ചതാണ്. ഇരുവരും പ്രായപൂർത്തിയെത്താതിനാൽ കുട്ടികളായി മാത്രമേ കരുതാനാകൂ. ഇതിനാലാണ് രണ്ട് പേർക്കുമെതിരെ കേസ് എടുത്തിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പോക്സോ കോടതിയിൽ സമർപ്പിച്ചു. അവർക്കിരുവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്” തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എം.ബിനോയ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികവൃത്തിക്ക് വിധേയരാക്കിയാൽ അത് കുറ്റകരമാണ്. ഇരുവരും പ്രായയപൂർത്തിയാകാത്തവരായതിനാൽ കോടതിയ്ക്ക് മാത്രമേ ആരാണ് ഇരയെന്ന് പറയാൻ സാധിക്കൂവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ആൺകുട്ടി നേരത്തേ പഠിച്ചിരുന്ന സ്കൂളിൽ നിന്നും അനാഥലയത്തിലേയ്ക്ക് പഠനം മാറ്റിയത് സംഭവത്തിന് മുൻപാണെന്ന് പൊലീസ് പറഞ്ഞു. “ഇതിൽ കുറ്റകരമായി യാതൊന്നും ഇല്ല. ആൺകുട്ടി പഠനത്തിൽ പുറകിലോട്ടായിരുന്നു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കിട്ടാൻ അനാഥാലയത്തിലേയ്ക്കു മാറ്റുകയായിരുന്നു. ഇവിടെ മതപരമായ കാര്യങ്ങൾ കൂടി പഠിക്കാൻ സാധിക്കുന്നത് കൊണ്ട് പഠന വിഷയത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ സാധിക്കുമെന്നാണ് കുടുംബാംഗങ്ങൾ കരുതിയത്” എന്ന് സിഐ വ്യക്തമാക്കി.

ആൺകുട്ടിയെയും പെൺകുട്ടിയെയും കൗൺസിലിംഗിന് വിധേയരാക്കിയതായി പൊലീസ് പറഞ്ഞു. ജില്ലയിലെ ചൈൽഡ് ലൈനിലെ കൗൺസിലർമാരാണ് ഇരുവർക്കും ഈ വിഷയത്തിൽ കൗൺസിലിംഗ് നൽകിയത്. ഇരുവരും ഇപ്പോൾ അവരവരുടെ വീടുകളിലാണെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ കൂടെയാണ് കുഞ്ഞ് ഉള്ളത്.

നേരത്തേ നവംബർ മാസത്തിലാണ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പൊലീസ് ഇടപെട്ടത്. കേസ് വളരെ രഹസ്യമായാണ് പൊലീസ് അന്വേഷിച്ചത്. മതപരമായ വിശ്വാസങ്ങൾ മൂലമാണ് ഗർഭം അലസിപ്പിക്കാതിരുന്നതെന്നാണ് പൊലീസിനോട് ബന്ധുക്കൾ വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ