തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കാനുള്ള കമ്മിഷൻ മൂന്നു മാസത്തിനകം നിലവിൽ വരും. പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷനാണ് ഇനി നിലവിൽ വരിക. 2014 ജൂലായിലാണ് പത്താം ശമ്പള പരിഷ്കരണ കമ്മിഷന്റെ ശുപാർശകൾ പ്രകാരം വേതനം നൽകിയത്.

അഞ്ച് വർഷത്തിലൊരിക്കലാണ് വേതനം പരിഷ്കരിക്കാറുളളത്. ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിനാൽ തന്നെ ഈ വർഷം ജൂലായിൽ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കേണ്ടതുണ്ട്.

ശമ്പള പരിഷ്കരണ കമ്മിഷൻ ഒരു വർഷത്തിനുളളിലാവും റിപ്പോർട്ട് നൽകേണ്ടത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ പത്താം ശമ്പളക്കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയപ്പോൾ അഞ്ചുവർഷത്തേക്ക് 7222 കോടിയുടെ അധിക ബാധ്യതയാണ് കണക്കുകൂട്ടിയത്.

അധികബാധ്യത കണക്കിലെടുത്ത് ശമ്പള പരിഷ്കരണം പത്ത് വർഷത്തിലൊരിക്കലാക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. പക്ഷെ ഇത് സർക്കാർ അംഗീകരിച്ചിരുന്നില്ല. 2016-17ൽ കേരളം ശമ്പളവും പെൻഷനും നൽകാൻ 43650 കോടിരൂപ ചെലവിട്ടെന്നാണ് സിഎജി കണക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.