കോട്ടയം: ബിജെപി യുടെ ന്യൂനപക്ഷ മോർച്ച കോട്ടയത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ അതിഥിയായി കേരള കോൺഗ്രസ് അദ്ധ്യക്ഷൻ കെഎം മാണി. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിക്കുന്ന ചടങ്ങിലാണ് കെ.എം.മാണി പങ്കെടുത്തത്.

നേരത്തേ യുഡിഎഫ് വിട്ട കെ.എം.മാണിയുടെ കേരള കോൺഗ്രസ് കോട്ടയം ജില്ല പഞ്ചായത്തിൽ ഇടതുമുന്നണി പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കെഎം മാണി ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായാണ് കെ.എം മാണി പങ്കെടുത്തത്. മാണിക്ക് താമരപൂക്കൾ കൊണ്ട് തയ്യാറാക്കിയ പൂച്ചെണ്ടാണ് സംഘാടകർ സമ്മാനിച്ചതെന്നും ഇതേ കുറിച്ച് പ്രസംഗത്തിനിടെ ഹാസ്യരൂപത്തിൽ കെ.എം മാണി പരാമർശിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തേ കോട്ടയത്ത് ജില്ല പഞ്ചായത്തിൽ നിലപാട് സ്വീകരിച്ചതിനെ കോൺഗ്രസ് ശക്തമായാണ് വിമർശിച്ചത്. എന്നാൽ മുന്നണിയിലൊന്നും ഇല്ലാതെ നിൽക്കുന്നതിനാൽ തങ്ങൾക്ക് സ്വന്തം നിലപാടുകൾ സ്വീകരിക്കാമെന്നും മാണി പറഞ്ഞിരുന്നു.

പിന്നീട് ഈ വിഷയത്തിൽ കോൺഗ്രസ് തന്നെ നിലപാട് മയപ്പെടുത്തുകയും ചെയ്തു. രണ്ട് മുന്നണിയിലുമില്ലാത്ത രാഷ്ട്രീയ കക്ഷിയാണ് കേരള കോൺഗ്രസെന്നും, നിലവിൽ തിരഞ്ഞെടുപ്പോ സമാന സാഹചര്യങ്ങളോ ഇല്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ധാരണ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിന് ശേഷമാണ് കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കി കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ നീക്കം നടത്തിയിരുന്നുവെന്ന് വാർത്ത വന്നത്. ഇതോടെ കോൺഗ്രസുമായുള്ള മാണിയുടെ ബന്ധത്തിൽ വീണ്ടും വിള്ളലുകളുണ്ടായി.

പിന്നീട് രൂക്ഷവിമർശനവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തൽ കെ.എം.മാണിയുടെ രാഷ്ട്രീയ സദാചാരത്തിന്‍റെ കാപട്യമെന്ന് വീക്ഷണം മുഖപ്രസംഗത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ