കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്താതിരിക്കുന്നതിന് പറയുന്ന കാരണങ്ങളിൽ വിശദീകരണം വൈകുന്നതിൽ കേരള ഹൈക്കോടതി അതൃപ്തി അറിയിച്ചു. എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നതിൽ ചർച്ചയും മതിയായ കാരണങ്ങളും വേണമെന്ന് കോടതി വ്യക്തമാക്കി.
പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണി കുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റെ പരാമർശം.
45-ാം ജി എസ് ടി കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തങ്കിലും പെട്രോളിയം ഉത്പന്നങ്ങളെ ഉൾപ്പെടുത്തിയാൽ വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ, മഹാമാരിക്കാലത്ത് തീരുമാനമെടുക്കുന്നത് ഉചിതമല്ല, വിപുലമായ ചർച്ചകൾ വേണം എന്നീ നിഗമനങ്ങളിൽ എത്തിയതായി കോടതി ചൂണ്ടിക്കാട്ടി.
മഹാമാരി ഒരു കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും കോടതി പറഞ്ഞു. കോവിഡ് കാലത്ത് വരുമാനം സംബന്ധിച്ച് ചർച്ചകളും നിരവധി തീരുമാനങ്ങളും ഉണ്ടായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ രണ്ടാഴ്ചക്കകം വിശദീകരണം നൽകാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.