കൊച്ചി: മഹാ കവികളുടെ കവിതകള്‍ നോട്ടു പുസ്തകത്തില്‍ പകര്‍ത്തിയെഴുതി സൂക്ഷിച്ചിരുന്ന അമ്മയും കവികളായ ഷേക്സ്പിയറും വള്ളത്തോളും ശങ്കരന്‍ നമ്പ്യാരുമാണു സാഹിത്യത്തോടുള്ള അഭിരുചി വളര്‍ത്തിയതും ജീവിതത്തിന്റെ വിധി നിര്‍ണയിച്ചതുമെന്നു പ്രമുഖ മലയാള ഭാഷാ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. എം. ലീലാവതി.
കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അവര്‍. വ്യക്തിപരമായ അംഗീകാരം എന്നതിലുപരി മലയാള സാഹിത്യ പാരമ്പര്യത്തിനു ലഭിച്ച പുരസ്‌കാരമായാണ് ഈ നേട്ടത്തെക്കാണുന്നതെന്നും അവര്‍ പറഞ്ഞു.

സൈദ്ധാന്തികമായി ഏറെ ഉയരത്തില്‍ നില്‍ക്കുമ്പോഴും ജീവിതത്തില്‍ ഡോ. ലീലാവതി കാത്തുസൂക്ഷിച്ച ലാളിത്യവും വിനയവും മാതൃകാപരമാണെണെന്നു ചടങ്ങില്‍ അധ്യക്ഷനായ സാഹിത്യ അക്കാദമി പ്രസിഡന്റ് ചന്ദ്രശേഖര്‍ കമ്പാര്‍ പറഞ്ഞു. അദ്ദേഹം വിശിഷ്ടാംഗത്വം ഡോ. എം. ലീലാവതിക്കു സമര്‍പ്പിച്ചു.
അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു, അക്കാദമി മലയാളം ഉപദേശക സമിതി കണ്‍വീനര്‍ പ്രഭാവര്‍മ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലയാളസാഹിത്യത്തിലെ സജീവ സാന്നിധ്യമായ ഡോ. എം. ലീലാവതി വിവര്‍ത്തനം, സാഹിത്യ നിരൂപണം, ജീവചരിത്ര രചന, അധ്യാപനം, തുടങ്ങിയ മേഖലകളില്‍ മുദ്ര പതിപ്പിച്ചിട്ടുണ്ട്. വ്യാപരിക്കുന്ന സാഹിത്യ മേഖലകളിലെല്ലാം സ്ത്രീപക്ഷ ചിന്തകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ ശ്രമിച്ചു.
വ്യക്തിഹത്യയിലധിഷ്ഠിതമല്ലാത്തതും വേറിട്ടതുമായ സാഹിത്യ നിരൂപണങ്ങള്‍ ഡോ. എം ലീലാവതിയെ ശ്രദ്ധേയയാക്കി. പത്മശ്രീ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലീലാവതിയെ തേടിയെത്തിയിട്ടുണ്ട്.