ന്യൂഡൽഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 24 ഭാഷയിലെ പുസ്‌തകങ്ങള്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് കെ പി രാമനുണ്ണി രചിച്ച “ദൈവത്തിന്റെ പുസ്‌തക”ത്തിനാണ് പുരസ്‌കാരം. ഒ. വി. വിജയൻെറ ഖസാക്കിന്രെ ഇതിഹാസം തമിഴിലേയ്ക്ക് പരിഭാഷപ്പെടുത്തിയ വാസുകിക്കും ജയമോഹന്രെ തിരഞ്ഞെടുത്ത കഥകൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ കെ. എസ് വെങ്കിടാചലത്തിനുമാണ്  തമിഴ്, മലയാളം ഭാഷകളിലെ  പരിഭാഷയ്ക്കുളള പുരസ്ക്കാരം.

ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് കെപിരാമനുണ്ണിക്ക് ലഭിക്കുന്ന പുരസ്ക്കാരം. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പരിഭാഷയ്ക്കുളള പുരസ്ക്കാരം.

അടുത്ത വര്‍ഷം ഫെബ്രുവരി 12ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 2011 ജനുവരി ഒന്നിനും 2015 ഡിസംബര്‍ 25 നും ഇടയില്‍ പുറത്തിറങ്ങിയ പുസ്‌തകങ്ങളാണ് പുരസ്‌കാരത്തിനായ് പരിഗണിച്ചത്.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം എന്നിങ്ങനെ വിവിധ പുരസ്കാരങ്ങൾ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. വിധാതാവിന്റെ ചിരി ആദ്യ കഥാസമാഹാരവും സൂഫി പറഞ്ഞ കഥ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ