കാസർകോട് ബിഎച്ച്ഇഎൽ – ഇഎംഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തു

കാസർഗോഡ് 1990 മുതൽ പ്രവർത്തിച്ചിരുന്ന യൂണിറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 11 വർഷം മുൻപാണ് കൈമാറിയത്

Factory
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാസർകോട്ടെ കേന്ദ പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്ഇഎൽ – ഇഎംഎൽ കേരള സർക്കാർ ഏറ്റെടുത്തു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തി. വ്യവസായ മന്ത്രി പിരാജീവ് അധ്യക്ഷനായി.

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കൽ ആൻഡ്അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസർഗോഡ് 1990 മുതൽ പ്രവർത്തിച്ചിരുന്ന യൂണിറ്റ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്.

51 ശതമാനം ഓഹരികൾ ഭെൽ കൈവശം വെച്ച് 49 ശതമാനം ഓഹരികൾ കേരള സർക്കാരും കൈവശം സൂക്ഷിച്ച് ഒരു സംയുക്ത സംരംഭം എന്ന നിലയിൽ ഭെൽ – ഇഎംഎൽ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്.

പവർ കാർ ആൾട്ടർനേറ്റർ, ട്രെയിൻ ലൈറ്റിംഗ് ആൾട്ടർനേറ്റർ, എന്നിവയുടെ നിർമാണവും അതോടൊപ്പം ഡീസൽ ജനറേറ്റർ സെറ്റിംഗ് സംയോജനവും വിൽപനയും ആയിരുന്നു കെല്ലിന്റെ കീഴിൽ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവർത്തനം. ഇത് കൂടുതൽ വൈവിധ്യവൽക്കരിക്കുക എന്നതായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ നേതൃത്വത്തിൽ പുതിയ കമ്പനി വിഭാവനം ചെയ്തിരുന്നത്.

എന്നാൽ നവരത്ന സ്ഥാപനമായ ഭെല്ലിന് ഈ പുതിയ കമ്പനിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയാതെ വന്നുവെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. കേരള സർക്കാർ സ്ഥാപനമായ കെല്ലിന്റെ കീഴിൽ ലാഭകരമായി പ്രവർത്തിച്ചുവന്നിരുന്ന യൂണിറ്റ് ഭെലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആരംഭിച്ചതുമുതൽ എല്ലാ വർഷവും തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയെന്നും ഏറ്റെടുക്കൽ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റൊഴിയുന്ന കേന്ദ്രസർക്കാർ നയത്തിന്റെ ദുർഗതി കാസർഗോഡ് ബി എച്ച് ഇ എൽ – ഇ എം എല്ലും നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കേരള സർക്കാർ മുൻകൈയെടുത്ത് ഈ പ്രമുഖ സ്ഥാപനത്തെ പൊതുമേഖലയിൽ തന്നെ നിലനിർത്തി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്,” പ്രസ്താവനയിൽ പറയുന്നു.

“ഈ കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുൻകാലങ്ങളിൽ കമ്പനി വരുത്തിവെച്ച 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടിയോളം രൂപ കേരളസർക്കാർ കണ്ടെത്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. രണ്ടു വർഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഇതിൽ ഉൾപ്പെടുന്നു.”

“കേരള സർക്കാർ തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്രസാമഗ്രികൾക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്ടറി പുനരുദ്ധരിച്ച് ട്രാക്ഷൻ മോട്ടേഴ്സ്, കൺട്രോളറുകൾ, ആൾട്ടർനേറ്റർ, റെയിൽവേയ്ക്ക് ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടേഴ്സ്ഡി ഫൻസിന് അനാവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമായി ഇത് നില നിർത്തും,” എന്നും സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kel bhel unit kasaragod kerala government take over

Next Story
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍Karuvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com