തിരുവനന്തപുരം: കീഴാറ്റൂരില്‍ സമരം ചെയ്യുന്നത് പണിയില്ലാത്ത കോണ്‍ഗ്രസുകാരാണെന്ന് മന്ത്രി ജി.സുധാകരന്‍. വയൽക്കിളികളെ പിന്തുണച്ച് വി.എം.സുധീരന്‍ സമയം കളയരുതെന്നും സമരം ചെയ്യുന്നവര്‍ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്ന് പറയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

‘വയൽക്കിളികളുമായി സർക്കാർ ചർച്ചക്കില്ല. സമരം നടത്തുന്നവർക്ക് ബദൽ നിർദേശം മുന്നോട്ട് വയ്ക്കാനില്ലാതെ എങ്ങനെ പരിഹാരം കാണും. യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന അലൈന്‍മെന്റ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. അത് വലിയ ഭേദഗതികളില്ലാതെ തങ്ങളും അംഗീകരിച്ചുവെന്നേയുള്ളൂ. വി.എം.സുധീരനും ഷാനിമോൾ ഉസ്മാനുമൊക്കെയാണ് സമരം ചെയ്യാനെത്തിയിരിക്കുന്നത്. അവരാരെങ്കിലും ഇന്നുവരെ ഒരു സമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു.

‘വയൽക്കിളികൾക്ക് പിന്തുണയുമായി എത്തിയ ബിജെപിക്കാർ കേന്ദ്ര നേതൃത്വത്തോട് ആലോചിച്ചാണോ വന്നതെന്ന് വ്യക്തമാക്കണം. സിപിഎമ്മിന് മാത്രമായി പ്രത്യേകിച്ച് ദേശീയപാതയൊന്നും വേണ്ട. സർക്കാരിന് വിഷയത്തില്‍ ഒരു ആകാംക്ഷയുമില്ല. ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് അവിടെയുള്ളത്. അത് അവർതന്നെ പരിഹരിച്ചോളുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ