ന്യൂഡൽഹി: കീഴാറ്റൂർ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവരുമായി മാത്രം ചർച്ച നടത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സമരക്കാരുമായി ചർച്ച നടത്തിയത് തെറ്റാണെന്ന് പിണറായി പറഞ്ഞു. കീഴാറ്റൂർ സമരസമിതി നേതാക്കളുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചർച്ച നടത്തിയത് ശരിയായില്ലെന്നും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണിതെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിന്‍റെ പാതയ്ക്ക് പാരവയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.
ഇത്തരം നീക്കങ്ങൾക്ക് കേന്ദ്രമന്ത്രിയുടെ പിന്തുണയുണ്ടെന്നുള്ളത് നിർഭാഗ്യകരമാണെന്നായിരുന്നു കണ്ണന്താനത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമർശനം. ‘ഫെഡറലിസത്തിന് എതിരായ നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. കേന്ദ്രവുമായുള്ള സംസ്ഥാനത്തിന്റെ ബന്ധം തകർക്കുന്നതാണിത്. കേരളത്തോടുള്ള അവഗണനയ്ക്ക് മലയാളിയായ കേന്ദ്ര മന്ത്രിയും കൂട്ടുനിന്നു. കേരളത്തിൽ റോഡ് വികസനം തടയാൻ ആർഎസ്എസ് സംഘടനാപരമായി ഇടപെടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘സംസ്ഥാനത്തെ റോഡ് വികസനം തടസപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ദേശീയപാത വികസനം പൂർത്തിയാകില്ല എന്നാണ് പലരും കരുതിയത്. എന്നാൽ, ഇത് സാധ്യമാകുമെന്ന് വന്നപ്പോഴാണ് പാരവയ്പ്പുമായി ഇറങ്ങിയിരിക്കുന്നത്’, മുഖ്യമന്ത്രി പറഞ്ഞു. കീഴാറ്റൂർ ബൈപ്പാസിന് ബദൽ സാധ്യതകൾ തേടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് ഇതിനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്.
കീഴാറ്റൂർ സമരത്തിന് നേതൃത്വം നൽകുന്ന വയൽക്കിളി കൂട്ടായ്മയുടെ പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ബദൽ സാധ്യതകൾ തേടാൻ സാങ്കേതിക സമിതിയെ പഠനത്തിനായി നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. പുതിയ പാതയ്ക്കായി കീഴാറ്റൂരിൽ വിദഗ്ധ സമിതി പരിശോധന നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.