കണ്ണൂർ: തളിപ്പറമ്പിൽ കീഴാറ്റൂരിലെ വയൽക്കിളി സമരപ്രവർത്തകരെ വധിക്കാൻ ബിജെപി പദ്ധതിയിട്ടെന്ന് സിപിഎം ജില്ല സെക്രട്ടറി പി.ജയരാജൻ. വയൽക്കിളി പ്രവർത്തകരെ വധിച്ച്, അത് സിപിഎം പ്രവർത്തകരുടെ മേൽ ചുമത്താനായിരുന്നു ബിജെപി-ആർഎസ്എസ് പദ്ധതിയെന്നും പി ജയരാജൻ കുറ്റപ്പെടുത്തി.

“തളിപ്പറമ്പ് തൃച്ചമ്പരം ക്ഷേത്രത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പിടിയിലായ ബിജെപി പ്രവർത്തകർക്കെതിരെ വയൽക്കിളി സമരസമിതി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം കൂടി ചുമത്തണം. വയൽക്കിളി പ്രവർത്തകരെ വധിച്ച് അത് സിപിഎമ്മിന്റെ തലയിലിടാനായിരുന്നു അവരുടെ ശ്രമം. വയൽക്കിളി പ്രവർത്തകരെയും സിപിഎമ്മിനെയും ഭിന്നിപ്പിക്കാനാണ് ബിജെപി പദ്ധതിയിട്ടത്,” പി.ജയരാജൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം തൃച്ചമ്പരം ക്ഷേത്ര ഉത്സവത്തിനിടെ സംഘർഷം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഴ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകൻ എൻ കിരണിനെ നെഞ്ചിലും കാലിലും കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

അതേസമയം ഇത്തരത്തിലൊരു വാർത്ത തങ്ങളും കേട്ടെന്ന് വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ ഐഇ മലയാളത്തോട് പറഞ്ഞു. “ബിജെപി പ്രവർത്തകർ ഞങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടതായി ഞങ്ങളും കേട്ടു. കഴിഞ്ഞ ദിവസം ഇവിടെയൊരു കൊടിമരം നശിപ്പിക്കപ്പെട്ടിരുന്നു. അതിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയാണെന്നാണ് അറസ്റ്റിലായവർ സമ്മതിച്ചതെന്നാണ് വിവരം. അവർ ഞങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി കൂടി അറിഞ്ഞു. പക്ഷെ കീഴാറ്റൂരിന്റെ ഭൂമിശാസ്ത്രം അനുസരിച്ച് ഇവിടെ വന്ന് ആർക്കും അങ്ങിനെ ആക്രമിച്ച് രക്ഷപ്പെടാൻ സാധിക്കില്ല,” സുരേഷ് കീഴാറ്റൂർ വ്യക്തമാക്കി.

“ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമാണോയെന്ന് അറിയില്ല. പക്ഷെ ഞങ്ങളെല്ലാം സിപിഎം എന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ്. ഞങ്ങളാരും പാർട്ടി വിട്ടിട്ടില്ല. ഇപ്പോഴും പാർട്ടി പ്രവർത്തകരാണ്. വയൽക്കിളി സമരത്തിന് കോൺഗ്രസിന്റെയും ലീഗിന്റെയും ബിജെപിയുടെയും പിന്തുണ സ്വീകരിച്ചിട്ടുണ്ട്. അത് ആ സമരത്തിന്റെ ഭാഗമായാണ്. അല്ലാതെ പാർട്ടി വിട്ട് ഞങ്ങളൊന്നും ചെയ്‌തിട്ടില്ല. അങ്ങിനെ ഒരു സാഹചര്യത്തിൽ അത്തരമൊരു ശ്രമം നടന്നിരിക്കാം, ചിലപ്പോൾ ഈ വാർത്ത വ്യാജമായിരിക്കാം.” സുരേഷ് പറഞ്ഞു.

അതേസമയം ഈ വാർത്തയിൽ പിന്നീട് പ്രതികരിക്കാമെന്നാണ് ബിജെപി ജില്ല പ്രസിഡന്റ് പി സത്യപ്രകാശ് പറഞ്ഞത്. അറസ്റ്റിലായ ബിജെപി പ്രവർത്തകർ വയൽക്കിളി പ്രവർത്തകരെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തളിപ്പറമ്പ് പൊലീസും നൽകിയില്ല. “പ്രതികളുമായി കോടതിയിൽ നിൽക്കുകയാണ് പിന്നീട് ബന്ധപ്പെടാമെന്ന്,” തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ