കണ്ണൂർ: ദേശീയ പാത ബൈപ്പാസിന് എതിരെ കീഴാറ്റൂരിൽ സമരം ചെയ്യുന്ന വയൽക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലേറ്. ഇന്നലെ രാത്രി ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലെറിഞ്ഞുവെന്നാണ് പരാതി. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു.
ദേശീയ പാത ബൈപ്പാസ് നിർമ്മാണത്തിനായി വയൽ നികത്തുന്നതിനെതിരെയാണ് കീഴാറ്റൂരിൽ വയൽക്കിളികൾ സമരം ചെയ്യുന്നത്. വയലിന് നടുവിൽ നിർമ്മിച്ച താൽക്കാലിക ഷെഡിൽ സമരക്കാർ രാപ്പകൽ സമരം നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയ്ക്കായി സ്ഥലം അളക്കാൻ എത്തിയവർ സമരക്കാരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തൊട്ടുപിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തലിന് തീയിടുകയും ചെയ്തു.
ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിർമ്മിക്കുന്നതിന് പിന്നിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ റിയൽ എസ്റ്റേറ്റ് താൽപര്യമാണെന്നാണ് വയൽക്കിളികളുടെ പ്രധാന ആരോപണം. റോഡിനായി വയൽ വിട്ടുനൽകാൻ ഇവർ തയ്യാറുമല്ല. തളിപ്പറമ്പ് നഗരത്തിൽ റോഡിന്റെ വീതി വർദ്ധിപ്പിക്കാൻ സ്ഥലമില്ലെന്ന് കാട്ടിയാണ് ബൈപ്പാസ് വയലിലൂടെ നിർമ്മിക്കാൻ സർക്കാർ ശ്രമിക്കുന്നത്.