തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസിന് പിന്തുണ അറിയിച്ചും, വയൽക്കിളി സമരത്തിനെതിരെ പ്രതിഷേധമറിയിച്ചും കീഴാറ്റൂരിൽ ഇന്ന് സിപിഎം നാടുകാവൽ സമരം നടത്തും. വയൽക്കിളികൾക്ക് സമരത്തിന് ഇനിയും പൊലീസ് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ നാളെ നടക്കുന്ന കീഴാറ്റൂർ ജനകീയ പ്രതിഷേധം അനിശ്ചിതത്വത്തിലാണ്.
പുറത്തുനിന്നുളളവർ കീഴാറ്റൂരിലെ പ്രശ്നത്തിൽ ഇടപെടുന്നതിനെതിരെയാണ് സിപിഎം സമരം നടത്തുന്നത്. കീഴാറ്റൂരിൽ നിന്ന് തളിപ്പറമ്പിലേക്കാണ് മാർച്ച്. സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയാണ് മാർച്ച് നടത്തുന്നത്. ഈ മാർച്ചിന് ശേഷം നാളത്തെ വയൽക്കിളി സമരത്തിനുളള അനുമതിയുടെ കാര്യം പരിശോധിക്കാമെന്നാണ് വയൽക്കിളികളോട് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
സിപിഎം മാർച്ച് ഇന്ന് വൈകിട്ട് നാലിന് കീഴാറ്റൂരിൽ പാർട്ടിയുടെ മുതിർന്ന നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കീഴാറ്റൂർ വയലിൽ കാവൽപുര സ്ഥാപിച്ച ശേഷമാകും തളിപ്പറമ്പിലേക്ക് മാർച്ച്. മൂവായിരത്തിലേറെ പേരെ സമരത്തിന് അണിനിരത്താനാണ് സിപിഎമ്മിന്റെ ശ്രമം.
നേരത്തേ വയൽക്കിളികളുടെ സമരപ്പന്തൽ സിപിഎം കത്തിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നുളളവർ ജനകീയ പ്രതിരോധം തീർക്കാനായി എത്തുമെന്ന് പ്രഖ്യാപിച്ചത്. കേരളം കീഴാറ്റൂരിലേക്ക് എന്ന് പേരിട്ടിരിക്കുന്ന മാർച്ചിൽ ദയാബായി, കർണാടകയിലെ കർഷക സമര നേതാവ് അനസൂയാമ്മ, സാറ ജോസഫ്, വി.എം.സുധീരൻ, പി.സി.ജോർജ്, സുരേഷ് ഗോപി എംപി, കെ.കെ.രമ എന്നിവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.