കൊച്ചി: കണ്ണൂർ ജില്ലയിലെ കീഴാറ്റൂരിൽ ദേശീയ പാത ബൈപ്പാസിന്റെ അലൈൻമെന്റിൽ മാറ്റം ഇല്ല. ഈ അലൈൻമെന്റ് അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഭൂവുടമകളുടെ ഹിയറിങ്ങിന് തീയതി പ്രഖ്യാപിച്ചാണ് വിജ്ഞാപനം. അലൈൻമെന്റ് മാറ്റുമെന്നും ഇത് സംബന്ധിച്ച മുൻ വിജ്ഞാപനം പിൻവലിക്കുമെന്നാണ് വയൽക്കിളി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത ബിജെപി നൽകിയ വാഗ്‌ദാനം. എന്നാൽ ഇത് നിറവേറ്റിയില്ല.

കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപ്പാസ് നിർമ്മിക്കണമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ നിലപാട് എടുത്തിരിക്കുന്നത്. ഇതോടെ വയൽക്കിളി സമരത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായി. കേന്ദ്രസർക്കാരും ബൈപ്പാസ് നിർമ്മാണത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടതോടെ വയലിലൂടെ തന്നെ റോഡ് വരുമെന്ന് ഉറപ്പായി.

സിപിഎം ശക്തികേന്ദ്രമായ കീഴാറ്റൂരിൽ ശക്തമായ വിഭാഗീയതയ്ക്കാണ് വയൽക്കിളി സമരം കാരണമായത്. ഇതേ തുടർന്ന് പാർട്ടി അനുഭാവികളായ കുടുംബങ്ങളടക്കം പദ്ധതിയെ എതിർത്ത് നിലപാടെടുത്തത് പാർട്ടിക്ക് തലവേദനയായി.

എന്നാൽ ശക്തമായ പ്രചാരണത്തിലൂടെ ഭൂരിഭാഗം കുടുംബങ്ങളെയും സിപിഎം തങ്ങളുടെ കൂടെ തന്നെ നിർത്തി. പാർട്ടിക്കെതിരെയല്ല സമരമെന്ന വാദം ഉയർത്തിയ ബാക്കിയുളള സമരക്കാർ പിന്നീട് ബിജെപി, കോൺഗ്രസ്, ലീഗ് രാഷ്ട്രീയ കക്ഷികളുടെ പിന്തുണ സ്വീകരിച്ചിരുന്നു. ഇത് സിപിഎമ്മും വയൽക്കിളികളും തമ്മിലുളള ബന്ധം കൂടുതൽ ഉലച്ചു.

കഴിഞ്ഞ മാർച്ച് 14 ന് ദേശീയ പാത അധികൃതർ സർവ്വേയ്ക്കായി വയലിൽ എത്തിയപ്പോൾ ഇവിടെ സംഘർഷം ഉണ്ടായിരുന്നു. സിപിഎം പ്രവർത്തകർ വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ചത് അന്ന് വലിയ വിവാദമായിരുന്നു.

ദേശീയപാത ബൈപാസിന് വേണ്ടി ഭൂമി അളക്കുന്നതിനിടെയാണ് തർക്കങ്ങൾ ഉടലെടുത്തത്. സർവ്വേയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ വയൽ സംരക്ഷണ സമിതിയായ വയൽക്കിളികൾ തടഞ്ഞിരുന്നു. ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് സമരക്കാർ ആത്മഹത്യ ഭീഷണി മുഴക്കുകയാണ് ചെയ്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുളളവർ സമരത്തിൽ പങ്കെടുത്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ സമരപ്പന്തൽ സിപിഎം പ്രവർത്തകർ കത്തിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.