കൊച്ചി: കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാപ്രളയനാളുകളിലൂടെ കടന്നു പോകുമ്പോൾ നിരവധി പേരാണ് ഭക്ഷണപദാർത്ഥങ്ങളും അവശ്യവസ്തുക്കളുമായി ക്യാമ്പിലേക്ക് പ്രവഹിക്കുന്നത്. ചുറ്റും വെള്ളം മൂടിയ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ക്യാമ്പുകൾക്കും ആളുകൾക്കും പലയിടങ്ങളിലും ഹെലികോപ്ടർ ഉപയോഗിച്ച് എയർ ഡ്രോപ്പായാണ് ഭക്ഷണം എത്തിച്ചു കൊടുക്കുന്നത്.

എന്നാൽ, ദുരിത സ്ഥലത്തുള്ള വിതരണത്തിന് ജലാംശമില്ലാത്ത ഭക്ഷണപദാർത്ഥങ്ങളാണ് വേണ്ടതെന്ന് വ്യക്തമാക്കുകയാണ് സൈന്യം. ദുരിത ബാധിത മേഖലകളിൽ കഴിയുന്നവർക്ക് ഹെലികോപ്റ്റർ വഴി നൽകുന്ന ഭക്ഷണം, ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതും ആയിരിക്കണം. പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ ഭക്ഷണ പദാർത്ഥങ്ങൾ നിരവധിപേർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം പാഴായി പോകാതിരിക്കാനും ദുരിത ബാധിതർക്ക് വേണ്ടത്ര അളവിൽ ലഭ്യമാക്കാനും ഇതു സഹായിക്കുമെന്നും സൈനിക അധികൃതർ പറയുന്നു.

കേരള സർക്കാറിന്റെ ഇഫർമേഷൻ & പബ്ലിക് റിലേഷൻ വകുപ്പായ പി ആർ ഡി ലൈവാണ് ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ മുൻനിർത്തി ഭക്ഷണം ശേഖരിക്കണമെന്നും പി ആർ ഡി പറയുന്നു. കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നും സൈനിക അധികൃതർ പറയുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇന്നലെ ആയിരത്തോളംപേർക്കുള്ള ഭക്ഷ്യ വസ്തുക്കളാണ് വ്യോമമാർഗം പത്തനംതിട്ടയിൽ എത്തിച്ചത്. ഹെലികോപ്റ്ററിൽ എയർഡ്രോപ്പ് നടത്തിയാണ് ഇവ ദുരിതബാധിതർക്കു നൽകുന്നത്. കൊണ്ടുപോകുന്നതിനു മേൽനോട്ടം വഹിക്കാൻ ജില്ലാഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.