തിരുവനന്തപുരം: ജില്ലയില്‍ കേരള എഞ്ചിനീയറിങ്, മെഡിക്കല്‍ പരീക്ഷ (കീം) കേന്ദ്രത്തിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയവിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം 300-ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജൂലൈ 16-ന് കോട്ടണ്‍ഹില്‍ സ്‌കൂളിലേയും പട്ടം സെന്റ് മേരീസ് സ്‌കൂളിലേയും പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പരീക്ഷ കഴിഞ്ഞശേഷം കൂട്ടംകൂടിയതാണ് കേസിന് ആധാരമായ സംഭവം.
മെഡിക്കല്‍ കോളെജ് പൊലീസും മ്യൂസിയം പൊലീസുമാണ് കേസെടുത്തത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് മെഡിക്കല്‍ കോളെജ് പൊലീസ് അധികൃതര്‍ പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ആവശ്യപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
സ്‌കൂളിന് മുന്നില്‍ സാമൂഹിക അകലം പാലിക്കാതെ രക്ഷിതാക്കള്‍ കൂട്ടം കൂടി നിന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
Read Also: ആയിരം കടന്ന ആദ്യദിനം; ഇന്ന് രോഗികൾ 1038, സമ്പർക്കം 785
രക്ഷിതാക്കള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍ പൊലീസ് സാമൂഹ്യ അകലം പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
പരീക്ഷ കേന്ദ്രത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങി വരുമ്പോള്‍ തിരക്കുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് അതൊഴിവാക്കാന്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നുവന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. “അതില്‍ വീഴ്ച്ച വന്നു. കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.” എന്താണെന്ന് പരിശോധിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് കേസെടുത്തതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കേസെടുത്തതിനെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തുവെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. ജനത്തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ സെന്ററുകള്‍ അനുവദിക്കാതെ സര്‍ക്കാരിന്റെ തീരുമാന പ്രകാരം നടത്തിയ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തതിനെ ശശി തരൂര്‍ അപലപിച്ചു. കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കീം പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഒരാളുടെ രക്ഷിതാവിനും രോഗം ബാധിച്ചു.