തിരുവനന്തപുരം: ‘കീം’ എൻട്രൻസ് പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പൊഴിയൂർ സ്വദേശിക്കും കരമനയിൽ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ കരകുളം സ്വദേശിയെ ഒറ്റയ്ക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാലാണ് പ്രത്യേക മുറിയിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കിയത്. എന്നാൽ, പൊഴിയൂര്‍ സ്വദേശി സാധാരണ രീതിയിൽ മറ്റ് വിദ്യാർഥികൾക്കൊപ്പമാണ് പരീക്ഷയെഴുതിയത്. ഈ വിദ്യാർഥിക്കൊപ്പം പരീക്ഷയെഴുതിയവരെ നിരീക്ഷണത്തിലാക്കി.
Read Also: മഴ ശക്തിപ്പെടും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു
കഴിഞ്ഞ വ്യാഴാഴ്ചയാണ് ‘കീം’ എൻട്രൻസ് പരീക്ഷ നടന്നത്. ചില പരീക്ഷ കേന്ദ്രങ്ങൾക്ക് മുൻപിൽ വലിയ രീതിയിൽ ആൾക്കൂട്ടം രൂപപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കാത്തതിന് കണ്ടാലറിയുന്ന 600 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മ്യൂസിയം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേർക്കെതിരെയാണ് കേസെടുത്തത്.
പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവർ സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞു നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Also: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് മരുന്നിനെക്കുറിച്ച് അറിയേണ്ടതെല്ലാം
തിരുവനന്തപുരത്തെ കോട്ടൻഹിൽസ് സ്കൂളിനു മുന്നിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി സ്കൂൾ അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.
പട്ടം സെന്റ്.മേരീസ് സ്കൂളിനു മുന്നിൽ സാമൂഹിക അകലം ലംഘിച്ചവർക്കെതിരെയാണ് കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. പട്ടം സെന്റ്.മേരീസ് സ്കൂളിനു മുന്നിലെ തിരക്കിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. ജില്ലയിൽ മാത്രം രണ്ടായിരത്തിലേറെ രോഗികളുണ്ട്.