കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഫ്രാങ്കോയെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ് കൗൺസിൽ. ഹൈക്കോടതി പരിസരത്ത് അഞ്ച് ദിവസമായി കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം അതിരുകടന്നതാണെന്നും അവർ വിമർശിച്ചു.

ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം ഒഴിയണമെന്ന വാദം മുംബൈ അതിരൂപത ഉയർത്തിയതിന് പിന്നാലെയാണ് പ്രതിയെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നത്. “കത്തോലിക്കസഭയെ അടച്ചാക്ഷേപിക്കുന്നതിന് അഞ്ച് കന്യാസ്ത്രീകളെ മുന്നിൽ നിർത്തി നടത്തുന്ന സമര പരിപാടികൾ അതിരുകടന്നതും അംഗീകരിക്കാൻ സാധിക്കാത്തതുമാണ്” എന്നാണ് കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

“പരാതിക്കാരിയായ സന്യാസിനിയും ആരോപണ വിധേയനായ ബിഷപ്പും കത്തോലിക്ക സഭാംഗമാണ്. ഇരുവർക്കും ഉണ്ടായ മുറിവും വേദനയും കത്തോലിക്ക സഭ പങ്കിടുന്നു. നീതിയുക്തമായ അന്വേഷണമാണ് നടക്കേണ്ടത്. എന്നാൽ മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും കുറ്റവിചാരണയുമാണ് നടക്കുന്നത്. ഇത് അധാർമ്മികവും അനധികൃതവുമാണ്.” കെസിബിസി പറയുന്നു.

“സമരം പൊലീസിനെതിരെയാണെന്ന് പറയുന്നുണ്ടെങ്കിലും സഭയ്ക്കും ബിഷപ്പുമാർക്കും എതിരെ മുദ്രാവാക്യം വിളിക്കാനും പ്ലക്കാർഡ് പിടിക്കാനും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനും സമരക്കാർ മത്സരിക്കുന്നു,” കന്യാസ്ത്രീകളെ കുറ്റപ്പെടുത്തി സഭ പറയുന്നു. “അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കാനും കോടതിയെ സ്വാധീനിക്കാനും കത്തോലിക്കസഭയെ കല്ലെറിയാനും നടത്തുന്ന സമരങ്ങൾ തികച്ചും അപലപനീയമാണ്,” കെസിബിസി പറയുന്നു.

“ഒരു കേസിലെ പ്രതിയെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പരാതിക്കാരനല്ല, അന്വേഷണ ഉദ്യോഗസ്ഥരാണ്. പരാതിക്കാരിയായ കന്യാസ്ത്രീയെയും തന്റെ ഭർത്താവിനെയും കുറിച്ച് കന്യാസ്ത്രീയുടെ ബന്ധുവായ ഒരു സ്ത്രീയും സഭാധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇതും അന്വേഷിക്കണം” കെസിബിസി ആവശ്യപ്പെട്ടു.

“ബിഷപ് ഫ്രാങ്കോയെ എങ്ങിനെയും അറസ്റ്റ് ചെയ്ത് ജയിലിലിടണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. സഭയെയും ബിഷപ്പുമാരെയും തെരുവിൽ ചീത്ത വിളിക്കുകയും അതിന് മാധ്യമങ്ങളിലൂടെ പ്രചാരം നൽകുകയും ചെയ്യുന്നത് എന്ത് തരം നീതിയാണ്? പരാതിക്കാരിയായ കന്യാസ്ത്രീക്ക് സഭയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന ആരോപണത്തിൽ കഴമ്പില്ല. കർദ്ദിനാൾ ആലഞ്ചേരിക്കോ മറ്റ് ബിഷപ്പുമാർക്കോ നൽകിയ പരാതിയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കാര്യം പറയുന്നില്ല. ആലഞ്ചേരിക്കോ മറ്റ് ബിഷപ്പുമാർക്കോ ജലന്ധർ ബിഷപ്പിന്റെ മേലോ മിഷണറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷന്റെമേലോ അധികാരമില്ല. വത്തിക്കാന് നൽകിയ പരാതിയും പൊലീസ് കേസും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല,” കെസിബിസി പത്രക്കുറിപ്പിൽ പറയുന്നു.

കുറേ സന്യാസിനികൾ വഴിവക്കിൽ പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം മുഴക്കിയിരിക്കുന്നത് സഭ അംഗീകരിക്കുന്നില്ല. നീതി നിർവ്വഹിക്കപ്പെടണമെന്ന നിലപാടിൽ കെസിബിസി ഉറച്ചുനിൽക്കുന്നു. സമരക്കാർ സമ്മർദ്ദതന്ത്രം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത് കത്തോലിക്ക സഭയുടെ ഔദ്യോഗിക വക്താവും ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ വർഗ്ഗീസ് വളളിക്കാട്ടാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.