കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തതോടെ മദ്യ വിഷയത്തില്‍ സര്‍ക്കാരിനെതിരേ പോര്‍മുഖം തുറന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). മാര്‍ച്ച് 10 മദ്യ വിരുദ്ധ ഞായറാഴ്ചയായി കത്തോലിക്കാ സഭ ആചരിക്കുന്നതിന്റെ ഭാഗമായി പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കെസിബി ആഞ്ഞടിക്കുന്നത്.

മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറച്ചുകൊണ്ടുവരുമെന്നു വാഗ്‌ദാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നു പിന്നോക്കം പോയെന്നു കെസിബിസി കുറ്റപ്പെടുത്തുന്നു. ‘സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ വിപുലമായ ജനകീയ ബോധവല്‍ക്കരണത്തിന് സമിതികള്‍ രൂപീകരിക്കുമെന്നും മദ്യവിരുദ്ധ സമിതികളോടു ചേര്‍ന്നു നിന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഈ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എടുത്തുപറഞ്ഞിരുന്നത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആത്മാര്‍ഥത കാണിക്കണം. മദ്യ വര്‍ജനമാണ് സര്‍ക്കാര്‍ നയമെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മദ്യത്തിന്റെ ലഭ്യത കുറയ്ക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തത് മദ്യവര്‍ജന നയത്തെ തന്നെ നിര്‍വീര്യമാക്കുകയാണ്’ സര്‍ക്കുലറില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രതിവര്‍ഷം 10 ശതമാനം കണ്‍സ്യൂമര്‍ഫെഡ്-ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നു മാത്രമല്ല ബിയര്‍ പബ്ബുകളുടെ നവീകരിച്ച സംവിധാനമായ ബിയര്‍ നിര്‍മിച്ച് അവിടെത്തന്നെ വിൽപന നടത്തുന്ന മൈക്രോ ബ്രൂവറി യൂണിറ്റുകള്‍ സ്ഥാപിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിക്കേണ്ടി വന്നതെന്നും കെസിബിസി കുറ്റപ്പെടുത്തുന്നു. മദ്യ ലഭ്യത വര്‍ധിപ്പിച്ച സര്‍ക്കാരിനെ എതിര്‍ക്കുന്നതില്‍ പ്രതിപക്ഷം സമ്പൂര്‍ണ പരാജയമാണെന്ന കുറ്റപ്പെടുത്തലും സര്‍ക്കുലറിലുണ്ട്.

അതേസമയം, മദ്യ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തിരിയുന്ന കത്തോലിക്കാ മെത്രാന്‍ സമിതി, ഇതിനു മുമ്പ് മദ്യ വ്യാപാരികളില്‍ നിന്നു സംഭാവന വാങ്ങില്ലെന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടപ്പാക്കാതെ തിരഞ്ഞെടുപ്പുകാലം അടുത്തതോടെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ വിമര്‍ശനമെന്നും ആരോപണമുയരുന്നുണ്ട്. സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടരവര്‍ഷമായിട്ടും മദ്യ നയത്തിനെതിരെ ശബ്ദിക്കാത്ത സഭ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഈ വിഷയം ഉയര്‍ത്തുന്നത് ബോധപൂര്‍വമാണെന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.