കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസത്രീ പീഡനക്കേസില്‍ വിശദീകരണവുമായി വീണ്ടും കെസിബിസി രംഗത്ത്. വ്യക്തിപരമായി തനിക്കോ കെസിബിസിക്കോ ഇതുവരെ വരെ കന്യാസ്ത്രീയുടെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കെസിബിസി അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. പത്രകുറിപ്പിലൂടെയാണ് ആർച്ച് ബിഷപ്പ് ഇക്കര്യം വ്യക്തമാക്കിയത്.
സീറോ മലബാര്‍ സഭാ മേലധ്യക്ഷന്‍ മാര്‍ ആലഞ്ചേരിക്കയച്ച കത്തില്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാമര്‍ശമില്ലെന്നും പരാതി രഹസ്യമായി സൂക്ഷിക്കാനാണ് പറഞ്ഞതെന്നും സൂസൈപാക്യം പറയുന്നു. കേസിനെക്കുറിച്ച് കെസിബി അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണെന്നു പറയുന്ന സൂസൈപാക്യം ന്യായം നിഷേധിക്കപ്പെട്ടുവെന്നു തോന്നിയ സാഹചര്യത്തില്‍ കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയതിനെ മാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
തക്കസമയത്ത് തിരുത്തലുകളും ശിക്ഷാ നടപടികളുമുണ്ടാകും, എന്നാൽ പോലീസ് അന്വേഷണത്തിന് മുന്‍ഗണന നല്‍കുന്നതിനാല്‍ സഭയുടെ ഭാഗത്തുനിന്ന് ഇനി അന്വേഷണമുണ്ടാകില്ല. പോലീസ് അന്വേഷണവുമായി സഭ സഹകരിക്കുമെന്നും സുസൈപാക്യം പത്രകുറിപ്പിൽ പറഞ്ഞു.
വാദിയും പ്രതിയും സഭാംഗങ്ങളായ കേസില്‍ രണ്ടിലൊരാള്‍ കള്ളംപറയുന്നുവെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ചിലരെ ഇരയായും ചിലരെ വേട്ടക്കാരായും ചിത്രീകരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
മെത്രാന്‍മാര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ പോയി കണ്ടതിനെയും പത്രക്കുറിപ്പില്‍ ന്യായീകരിക്കുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ വ്യക്തിപരമാണന്നും ആര്‍ക്കും ആരെയും പോയി കാണാനാവുമെന്നും ,ഇരുകൂട്ടരെയും ഉള്‍ക്കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുന്നു.
സന്യാസിനിയുടെ പരാതി സെപ്റ്റംബര്‍ പത്തിനാണ് സിബിസിഐ അധ്യക്ഷന്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനു ലഭിച്ചത്, അപ്പോള്‍ തന്നെ അദ്ദേഹം വിവരം റോമിലേക്ക് അറിയിച്ചുവെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.