കൊച്ചി: സഭാ സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബന്ധപ്പെട്ട കോണ്ഗ്രിഗേഷന് സുപ്പീരിയര്‍മാരും അതാതു രൂപതകളുടെ ബിഷപ്പുമാരും മാര്‍ഗനിര്‍ദേശങ്ങള്‍ തങ്ങളുടെ കീഴില്‍ വരുന്ന ആധ്യാത്മിക കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കണമെന്നു നിര്‍ദേശിക്കുന്നു. സിബിസിഐയും വത്തിക്കാനും ഈ വിഷയത്തില്‍ നേരത്തേ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് കെസിബിസിയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ പീഡനക്കേസിന്റെ പശ്ചാത്തലത്തിലാണ് പബ്ലിക് ഡോക്യുമെന്റായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ കെസിബിസി തീരുമാനിച്ചതെന്നാണ് വിവരം.
‘സഭാ സ്ഥാപങ്ങളെന്നത് വൈദികരുടെ താമസസ്ഥലങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആധ്യാത്മിക കേന്ദ്രങ്ങള്‍ മറ്റു സഭാ സ്ഥാപനങ്ങളെന്നിവയാണ്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യവും മാരകമായ പാപവുമാണ്. രൂപതകളിലും ഇടവകകളിലുമുള്ള പള്ളികളിലും സ്ത്രീകളും കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനക്കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ തന്നെ സഭാ നേതൃത്വത്തെയും പൊലീസിനെയും വിവരം റിപ്പോര്‍ട്ടു ചെയ്യണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക ആക്രമണക്കേസുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടു പിന്തുടര്ന്ന് സീറോ ടോളറന്‍സ് എന്ന സമീപനമായിരിക്കണം പിന്തുടരേണ്ടത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായി ശക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം.
വൈദികരോ ഉന്നത സ്ഥാനത്തുള്ളവരോ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ ലൈംഗികതയുമായി ബന്ധപ്പെട്ടതോ ലൈംഗിക ചുവയുള്ളതോ ആയ മാഗസിനുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, വെബ് ചാറ്റ്, സിനിമകള്‍, റെക്കോര്‍ഡുകള്‍, കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്, കംപ്യൂട്ടര്‍/വീഡിയോ ഗെയിമുകള്‍ എന്നിവ കാണാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ വൈദികര്‍ ലൈംഗിക ചുവയുള്ള തമാശകളോ സംസാരമോ നടത്താന്‍ പാടില്ല, സ്ത്രീകളും കുട്ടികളുമായി വൈദികരും ബിഷപ്പുമാരും ആവശ്യത്തിലധികമുള്ള ചങ്ങാത്തമോ, മാനസിക അടുപ്പമോ പുലര്‍ത്തുന്നത് കര്‍ശമായി നിരോധിച്ചിരിക്കുന്നു, കുട്ടികളുമായി യാതൊരു സാഹചര്യത്തിലും യോജിച്ചതല്ലാത്ത ശാരീരിക സമ്പര്‍ക്കം പാടില്ല തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളും കുട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അധികൃതര്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശക ഗൈഡിലുണ്ട്. ഒരു സാഹചര്യത്തിലും പ്രായപൂര്‍ത്തിയാകാത്തവര്‍ തനിയെ വൈദികരുടെ താമസസ്ഥലങ്ങളില്‍ താമസിക്കാന്‍ പാടില്ല. ഇനി അത്തരം സാഹചര്യമുണ്ടായാല്‍ മാതാപിതാക്കളോ മറ്റു മുതിര്‍ന്നവരോ ഒപ്പമുണ്ടായിരിക്കണം, ഒരു സാഹചര്യത്തിലും പ്രായപൂര്‍ത്തിയാകാത്തവര്‍ തനിച്ച് വൈദികരുടെ താമസസ്ഥലങ്ങള്‍, കിടക്കുന്ന സ്ഥലം, ലോക്കര്‍ റൂം, റെസ്റ്റ് റൂം എന്നിവിടങ്ങളില്‍ പോകാന്‍ പാടില്ല, രാത്രി വൈകി കുട്ടികളുടെ ഒപ്പുമുള്ള ദൂരയാത്രകള് ഒഴിവാക്കണം തുടങ്ങിയ പ്രത്യേകമായ നിര്‍ദേശങ്ങളും മാര്‍ഗ നിര്‍ദേശക പുസ്തകത്തിലുണ്ട്. 16 പേജു വരുന്ന ഗൈഡില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ എന്താണെന്നതു സംബന്ധിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. കെസിബിസി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയതായാണ് സഭാ അധികൃതര്‍ നല്കുന്ന വിവരം.