കൊച്ചി: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ കെസിബിസിയും. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യങ്ങൾ ഉയർത്തേണ്ടതെന്ന് കെസിബിസി പ്രസ്താവനയിലൂടെ അറിയിച്ചു. വനിതാമതിലുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്നത് ശരിയല്ലെന്ന് കെസിബിസി പറയുന്നു.
നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നതു തെറ്റായ സന്ദേശം നൽകും. നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സംഘടനയോ സമുദായമോ അവകാശപ്പെടുന്നതു ശരിയല്ലെന്നും കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നവോത്ഥാന മൂല്യങ്ങളുടെ അവകാശികളായി ചിലരെ മാത്രം ചിത്രീകരിക്കുകയും ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെ വനിത മതിലിനെ എതിർത്ത് എൻഎസ്എസും രംഗത്തെത്തിയിരുന്നു. ജനങ്ങളെ ജാതീയമായി വേർതിരിക്കുന്നതായി വനിതാ മതിൽ മാറുന്നു. വനിതാ മതിൽ വിഭാഗീയത ഉണ്ടാക്കും. ജനങ്ങളെ വിഭജിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നത് എന്തിനാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചോദിച്ചു.
ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയ പാതകൾ കേന്ദ്രീകരിച്ചാണ് വനിത മതിൽ സംഘടിപ്പിക്കുന്നത്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ നവോത്ഥാന പാരമ്പര്യമുള്ള യോഗം ഡിസംബര്‍ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് വനിതാ മതില് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.