ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് തന്നെ അറിയാമെന്നും പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താനെന്നും കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടി കെ സി വേണുഗോപാൽ. പദവിയിൽനിന്ന് വേണുഗോപാലിനെ നീക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്നെ പദവിയിൽനിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നുവങ്കിൽ നൽകട്ടെയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം പറഞ്ഞിട്ടുണ്ട്. നേതൃസ്ഥാനം വേണ്ടെന്ന് വച്ചവരാണ് ഗാന്ധി കുടുംബം. അവർക്ക് പിൻസീറ്റ് ഡ്രൈവിങ്ങിന്റെ ആവശ്യം ഇല്ല. രാഹുലിനോ പ്രിയങ്കയ്ക്കോ പ്രസിഡന്റ് ആയിക്കൂടേ?. സോണിയ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനത്ത് തുടർന്നുകൂടേ?. അവർ തീരുമാനിച്ചാൽ അവർ പ്രസിഡന്റ് ആവില്ലേ?. പിസിസി അംഗങ്ങളിൽ 98 ശതമാനവും ഗാന്ധി കുടുംബത്തിൽനിന്നും പ്രസിഡന്റ് വേണം എന്ന അഭിപ്രായക്കാരാണെന്ന് വേണുഗോപാൽ പറഞ്ഞു.
ബിജെപിയിൽ എല്ലാം മോദി തീരുമാനിക്കുന്നതിൽ ആർക്കും വിമർശനമില്ലല്ലോ. ജെ.പി.നദ്ദയെ പിൻസീറ്റിലിരുത്തി മോദി നടത്തുന്നത് ഡ്രൈവിങ് അല്ലേയെന്നും അദ്ദേഹം ചോദിച്ചു. മല്ലികാർജുൻ ഖാർഗെ അനുഭവ സമ്പത്തുള്ള നേതാവാണ്. ഒരു സുപ്രഭാതത്തിൽ വന്നയാളല്ല. ഖാർഗെയ്ക്ക് എതിരായ പ്രചാരണം ദലിത് വിഭാഗത്തിൽ നിന്നുള്ളയാളായതിനാലാണെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടി സംഘടന ജനറൽ സെക്രട്ടറി ആയതിനാൽ ആർക്കും വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.
രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയാമെന്ന് ഗെലോട്ട് ആദ്യം സമ്മതിച്ചിരുന്നു. പിന്നീടുണ്ടായ സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു.