തൃശൂർ: ലോക കേരള സഭ വിഷയത്തിൽ കോൺഗ്രസിന് രണ്ടു നിലപാടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. മുഖ്യമന്ത്രിയുടെ കത്തിന് രാഹുൽ ഗാന്ധി മറുപടി അയച്ച ശേഷമാണ് ലോക കേരളസഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. ഡിസംബർ 12 നാണ് കത്തയച്ചത്. ഇതിനുശേഷമായിരുന്നു സഭ ബഹിഷ്കരിക്കാനുളള തീരുമാനമെന്നും വേണുഗോപാൽ പറഞ്ഞു.

മുഖ്യമന്ത്രി അയച്ച കത്തിന് രാഹുൽ മറുപടി അയച്ചുവെന്നേയുളളൂ. രാഹുലിന്റെ മഹാമനസ്കത കൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. കത്തിനെ രാഷ്ട്രീയ വിവാദമാക്കുന്നത് ശരിയല്ല. രാഹുൽ ഗാന്ധിയെ വിഷയത്തിലേക്ക് വലിച്ചിഴച്ച മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം. കേരളത്തിലെ നേതാക്കളുടെ നിലപാടിനൊപ്പമാണ് കേന്ദ്രനേതൃത്വമെന്നും വേണുഗോപാൽ വ്യക്തമാക്കി.

Read Also: പ്രതിപക്ഷം ബഹിഷ്‌കരിച്ച ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ലോകകേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ നല്ല വാക്കുകള്‍ക്ക് നന്ദി പറയുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരള സഭ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിച്ചതോടെയാണ് രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്.

അതിനിടെ, കേന്ദ്രമന്ത്രി വി.മുരളീധരന്‍ ലോക കേരളസഭയിൽ പങ്കെടുക്കില്ല. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇന്നത്തെ പ്രതിനിധിസമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു വി.മുരളീധരന്‍. 47 രാജ്യങ്ങളിൽനിന്നുളളവരെ പങ്കെടുപ്പിച്ചു ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിനു ഇന്നു തുടക്കമായിരുന്നു. 351 പ്രതിനിധികളാണുളളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുളളവരും ഉൾപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.