തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സി. വേണുഗോപാല്‍ എംപി. നിലവില്‍ ആലപ്പുഴ എംപിയാണ് വേണുഗോപാല്‍. പാര്‍ട്ടിയിലെ ആഭ്യന്തര ചുമതലകള്‍ ഉള്ളതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിരവധി ചുമതലകളാണ് തനിക്ക് നല്‍കിയിട്ടുള്ളത്. അതിനു പുറമേ കര്‍ണാടകയിലെ ചുമതലയുമുണ്ട്. ഈ സാഹചര്യത്തില്‍ ആലപ്പുഴയില്‍ മത്സരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കെ.സി. മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍, പാര്‍ട്ടിയിലെ ചുമതലകള്‍ വഹിക്കേണ്ടതുള്ളതുകൊണ്ടാണ് ഒഴിഞ്ഞുനില്‍ക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

2009 മുതല്‍ ആലപ്പുഴയിലെ എംപിയാണ് കെ.സി. വേണുഗോപാല്‍. തുടര്‍ച്ചയായി രണ്ട് തവണ ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ കെ.സി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനാണ്. നിലവില്‍, സിപിഎം മാത്രമാണ് ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അരൂര്‍ എംഎല്‍എ എ.എം ആരിഫാണ് ആലപ്പുഴയില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.