ആലപ്പുഴ: എം.കെ.രാഘവന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന രീതിയാണ് കോണ്‍ഗ്രസിന്. അത് ഇപ്പോഴും പരിഹരിക്കും. പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടാകുന്നത് കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടി ആയതിനാലാണ്. സി.പി.എമ്മിനകത്ത് എന്തു നടക്കുന്നുവെന്ന് നിങ്ങള്‍ ചോദിക്കാറില്ലല്ലോ. എത്രവരെ പോയാലും പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു ചര്‍ച്ച ചെയ്യപ്പെടുന്ന രീതി ഒഴിവാക്കണം. പാര്‍ട്ടിയില്‍ അവസരങ്ങള്‍ ഉള്ളവര്‍ പാര്‍ട്ടിയില്‍ സംസാരിക്കണം. അഭിപ്രായ വ്യത്യാസങ്ങളൊക്കെ പരിഹരിച്ച് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ക്കു മുന്നിലുള്ളത് വിശാലമായ ലക്ഷ്യങ്ങളാണ് ചെറിയ ലക്ഷ്യങ്ങളല്ലെന്നും കെ സി വേണു ഗോപാല്‍ പഞ്ഞു.
കോഴിക്കോട് പി.ശങ്കരന്‍ സ്മാരക പുരസ്‌കാരം കെപിസിസി മുന്‍ അധ്യക്ഷന്‍ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ എം.കെ.രാഘവന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോണ്‍ഗ്രസ് രീതിയെന്നായിരുന്നു വിമര്‍ശം. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ. പാര്‍ട്ടിയില്‍ വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ലീഗില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചുവെന്നും എം.കെ.രാഘവന്‍ പറഞ്ഞു.