/indian-express-malayalam/media/media_files/uploads/2017/02/ganesh-1.jpg)
തിരുവനന്തപുരം: ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോണ്ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന വാർത്തകൾ പാർട്ടിയുടെ ഏക എംഎൽഎയായ കെ.ബി.ഗണേഷ് കുമാർ തള്ളി. പാർട്ടി പിളർത്തി മന്ത്രിയാകാനില്ലെന്നും മന്ത്രിയാകുന്നെങ്കിൽ കേരള കോൺഗ്രസ് പ്രതിനിധി എന്ന നിലയിൽ തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.
"ലയനത്തെയോ സഹകരണത്തെയോ കുറിച്ച് തന്നോടൊരു നേതാവും പറഞ്ഞിട്ടില്ല. എൽഡിഎഫിനു താത്പര്യമുണ്ടെങ്കിൽ കേരള കോണ്ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തും. അല്ലാതെ മന്ത്രിയാകാനില്ല", ഗണേഷ് കുമാർ പറഞ്ഞു.
എൻസിപിയിലേക്ക് കേരള കോൺഗ്രസ് ബി ലയിക്കുന്നതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ചർച്ച ചെയ്യാൻ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറുമായി ജനുവരി ആറിന് ആർ ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഈ മാസം 18 ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ ഇക്കാര്യം ആർ ബാലകൃഷ്ണപിള്ളയുമായി കൂടിയാലോചിച്ചെന്നാണ് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടത്.
അതേസമയം, ലയനം സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ മാസ്റ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചർച്ചകൾ ഏത് തലം വരെയെത്തി എന്നതിന് ഇരു പാർട്ടികളും വിശദീകരണം നൽകിയിട്ടില്ല. എൻസിപി സംസ്ഥാന ഘടകത്തിലെ തോമസ് ചാണ്ടി വിഭാഗമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.
കേരള കോണ്ഗ്രസ്-ബി എൻസിപിയിൽ ലയിച്ചു കഴിഞ്ഞാൽ പാർട്ടിക്ക് ഒരു എംഎൽഎ സ്ഥാനം കൂടി ലഭിക്കും. ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എൻസിപിയുടെ മന്ത്രിപദവിയിലേക്ക് കെ.ബി.ഗണേഷ്കുമാറിനെ അവരോധിക്കാനാണ് തോമസ് ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. എ.കെ.ശശീന്ദ്രൻ അനുകൂലികൾ ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.