പത്തനംതിട്ട: മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായതിനു കാരണം സഹോദരിയുടെ ആരോപണങ്ങളാണെന്ന വാർത്തകൾ നിഷേധിച്ച് കെ.ബി.ഗണേഷ് കുമാർ. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഗണേഷ് കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു. വിൽപത്രത്തിൽ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ച് ഗണേഷ് കുമാറിനെതിരെ സഹോദരി മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞതാണ് ആദ്യ ടേമില്‍ മന്ത്രിയാക്കുന്നതില്‍ നിന്ന് മാറ്റിനിർത്താൻ കാരണമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെ സംബന്ധിച്ച് ഉഷ സിപിഎം നേതാക്കളോട് പരാതി പറഞ്ഞതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ചശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന നിലപാടിലേക്കു സിപിഎം നേതൃത്വം എത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ.
രണ്ടാം പിണറായി മന്ത്രിസഭയിൽ നാല് ഏകാംഗ കക്ഷികൾക്കു രണ്ടരവർഷം വീതം മന്ത്രിസ്ഥാനം വീതിച്ചു നൽകാനാണ് തീരുമാനമായത്. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് എസ്), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കെ.ബി. ഗണേഷ്കുമാർ (കേരള കോൺഗ്രസ് ബി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ) എന്നിവരാണ് രണ്ടര വർഷം വീതം മന്ത്രിമാരുക. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ എന്നിവരാണ് ആദ്യ രണ്ടര വർഷത്തെ മന്ത്രിമാർ. കേരള കോൺഗ്രസ് (ബി) നേതാവ് ഗണേഷ് രണ്ടാം ടേമിലാണ് മന്ത്രിയാവുക.
21 അംഗങ്ങളാണ് രണ്ടാം പിണറായിമന്ത്രിസഭയിൽ ഉണ്ടാവുക. സിപിഎം 12, സിപിഐ 4, കേരള കോൺഗ്രസ് (എം), ജെഡിഎസ്, എൻസിപി എന്നിവർക്ക് ഒന്നു വീതം എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം ലഭിക്കുക. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർക്ക് ആദ്യ രണ്ടര വർഷവും കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്) എന്നിവർക്ക് പിന്നീടുള്ള രണ്ടര വർഷവും മന്ത്രിസ്ഥാനം ലഭിക്കും.