ചവറ: പത്തനാപുരം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വാഹനത്തിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ്. ഞായറാഴ്ച വൈകീട്ട് കൊല്ലം ചവറയില്‍വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുകയും ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.

ദേശീയപാതയിൽ ചവറ നല്ലേഴത്ത് മുക്കിന് സമീപം വച്ച് ആയിരുന്നു വാഹനത്തിന് നേരെയുള്ള അക്രമം. കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് ഗണേഷ് കുമാര്‍ പത്താപുരത്തുനിന്ന് ചവറയിലെത്തിയത്. വാഹനത്തിന് മുന്നിലേക്ക് ഓടിക്കയറി കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തു. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു.

Read More: ആലപ്പുഴ ബൈപ്പാസ്: ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കുവേണ്ടി ഇനിയും കാത്തിരിക്കാനാവില്ലെന്ന് സുധാകരൻ

പ്രതിഷേധിച്ച അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു. ചവറ പഞ്ചായത്തിലെ രണ്ട് വാർഡുകളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു എംഎൽഎ.

എംഎൽഎയുടെ പത്തനാപുരത്തെ ഔദ്യോഗിക വസതിയിലേക്ക് രാവിലെയും യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി ചാർജ് ഉണ്ടായി. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിനെത്തുടർന്ന് പത്തനാപുരം പഞ്ചായത്തിൽ നാളെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

കുറച്ച് ദിവസങ്ങളായി ഗണേഷ് കുമാറും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. രണ്ടു ദിവസം മുൻപാണ് എംഎൽഎക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പ്രദീപ് കോട്ടത്തലയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തത്. തല്ലിയവർക്കും തല്ലു കൊണ്ടവർക്കുമെതിരെ ഒരേ വകുപ്പുകൾ ചുമത്തിയാണ് കുന്നിക്കോട് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിഷേധക്കാരെ ആക്രമിച്ച നടപടിയിൽ സിപിഐ പ്രാദേശിക നേതൃത്വവും എതിർപ്പ് രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.