തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താനെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാര്‍ഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താൻ അത്തരം ഒരു സ്ഥാനാർഥിയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വി മുരളീധരന് പ്രവര്‍ത്തിച്ച മണ്ഡലത്തിലേക്കുള്ള തന്റെ വരവില്‍ കഴക്കൂട്ടത്തെ പ്രവര്‍ത്തകര്‍ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി സുരേന്ദ്രന് കടകംമറിച്ചല്‍ നടത്തിയെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. ഒരേ സമയം വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുകയും ചെയ്യുന്നു. തുടര്‍ഭരണം ഉണ്ടായാല്‍ ശബരിമലയിലെ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
ശബരിമല വിഷയങ്ങളിൽ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസ്. ഒരു കോണ്‍ഗ്രസ് നേതാവിനെതിരെയും ഒരു പെറ്റി കേസ് പോലും നിലനില്ക്കുന്നില്ല. യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികള്‍ തെറ്റ് തിരുത്തും.
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി എത്തുമ്പോൾ പോരാട്ടം കനക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.