scorecardresearch

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുര്‍വിനിയോഗം: പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത തള്ളി

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക

Pinarayi Vijayan, Pinarayi Vijayan latest

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള കേസില്‍ പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത തള്ളി. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുന്നതല്ല. വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമാണ്. പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍. വിമര്‍ശനങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസ് ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ് പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ശശികുമാറിനെതിരെ ഇന്നലെ രൂക്ഷമായ വിമര്‍ശനമായിരുന്നു ലോകായുക്ത നടത്തിയത്.

ഹര്‍ജിയില്‍ ഭിന്നവിധിയുണ്ടായതിനെ തുടര്‍ന്നാണ് മൂന്നംഗ ബെഞ്ചിന് വിട്ടത്. കേസില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും രണ്ടാമന്‍ എതിര്‍ത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയാണ് ഹര്‍ജി. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണമെന്നുമാണ് കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജി ആവശ്യപ്പെടുന്നത്.

വിചാരണ പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിച്ചത്. എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kayukta will consider the review petition in the chief ministers relief fund case today