ആലപ്പുഴ: കായംകുളത്ത് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ സിയാദിന്റെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്. കേസിലെ ഒന്നും മൂന്നും പ്രതികൾ റിമാൻഡിലാണ്.

സുഹൃത്തുക്കളായിരുന്ന സിയാദും പ്രതി വെറ്റ മുജീബും (മുജീബ് റഹ്‌മാൻ) കുറച്ചുകാലമായി വിരോധത്തിലാണ്. ഈ മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കായംകുളം സിഐ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണത്തിൽ രാഷ്ട്രീയ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിയാദിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ ആരോപിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചിരുന്നു. മാഫിയ സംഘത്തിന്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയതെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1777 രോഗികൾ

അതേസമയം, സിയാദിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി വെറ്റ മുജീബും നഗരസഭയിലെ കോൺഗ്രസ് കൗൺസിലറുമടക്കം നാല് പേരാണ് ഇതോടകം പിടിയിലായത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് കൗൺസിലറായ കാവിൽ നിസാം അറസ്റ്റിലായത്. നിസാമിനെ ജാമ്യത്തിൽ വിട്ടു. എരുവ സ്വദേശി വിഠോബ ഫൈസല്‍, വിളക്ക് ഷെഫീഖ് എന്നിവരാണ് പിടിയിലായ മറ്റുരണ്ടുപേർ. മുജീബ് റഹ്മാനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിവിധയിടങ്ങളിലായി ഇരുപത്തി അഞ്ചിലധികം കേസുകളിൽ പ്രതിയാണു മുജീബ്. ജയിൽ മോചിതനായി കഴിഞ്ഞ നാല് മാസമായി നാട്ടിൽ കഴിയുകയായിരുന്നു ഇയാൾ. എംഎസ്എം സ്കൂൾ ജംഗ്ഷൻ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.