ആലപ്പുഴ: കായംകുളം സാമൂഹവ്യാപന ആശങ്കയിലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഒരു കുടുംബത്തിലെ പതിനാറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്ക വർധിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇപ്പോഴും വ്യക്തമായിട്ടില്ല.
രോഗ ബാധ സംശയിച്ച് ഈ കുടുംബത്തിലെ 29 പേരുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇവരിൽ രോഗം സ്ഥീരികരിച്ചവരിൽ എട്ടും ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും 54 വയസുള്ള ആളും ഉൾപ്പെടുന്നു.
ഇതോടെ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുകയാണ് ജില്ലഭരണകൂടം. കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാൻ നഗരസഭാ പരിധിയിൽ പരിശോധന എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
ആറാട്ടു പുഴ സ്വദേശിനിയായ ഗർഭിണിക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 21 പേർക്കു കൂടി രോഗം ബാധിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2O2 ആയി. ഇതിനു പുറമെ റോഡ് വിഭാഗം ഓഫിസിലെ ജീവനക്കാരിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്.
സംസ്ഥാനത്ത് ഇന്നലെ മാത്രം 211 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിനിന്നും 39 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് സിഐഎസ്എഫ് ജവാന്മാര്ക്കുകൂടി കോവിഡ് സ്ഥിരീകിരിച്ചു.
രോഗവ്യാപനതോത് അനുദിനം ഉയരുന്നു. കോവിഡ് പോസിറ്റീവ് കേസുകൾ 200 കടക്കുന്നത് ആദ്യം. എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 4,964 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2,098 പേർ ഉണ്ട്. 1,77,017 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,794 പേർ ആശുപത്രിയിൽ. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട 59,240 സാംപിളുകൾ ശേഖരിച്ചു. അതിൽ 53,922 എണ്ണം നെഗറ്റീവ് ആയി. സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 130 ആണ്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.