/indian-express-malayalam/media/media_files/uploads/2023/06/Nikhil-Thomas-1.jpg)
നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ പി ജി പ്രവേശനം നേടിയെന്ന ആരോപണത്തില്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തതായി കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് താഹ അറിയിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അന്വേഷണത്തിന് ആറംഗ സമിതിയെ നിയോഗിച്ചതായും കോളജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു
അന്വേഷണ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ആരോപണത്തില്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയാണ് കോളജ് അധികൃതര്‍. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തീരുമാനം. നിഖിലിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നും വിദ്യാര്‍ഥിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
2022ലാണ് നിഖിലിന് എംകോമിന് അഡ്മിഷന്‍ നല്‍കിയത്. 2017ല്‍ ഇതേ കോളജില്‍ തന്നെ ഡിഗ്രിക്ക് ചേര്‍ന്ന നിഖില്‍ 2020ലാണ് ടിസി വാങ്ങിപ്പോയത്. എംകോമിന് അഡ്മിഷനായി സര്‍വകലാശാലയിലാണ് ആദ്യം നിഖില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയത്. സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റാണ് കോളജിന് ലഭിച്ചത്. വീണ്ടും വെരിഫിക്കേഷന് സര്‍വകലാശാലയ്ക്ക് തന്നെ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുത്തതായും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണ് എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
ബി.കോമിന് തോറ്റ നിഖിലിന് എം.കോമിന് അഡ്മിഷന്‍ നല്‍കിയതില്‍ കോളജിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പ്രിന്‍സിപ്പല്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കേരള സര്‍വകലാശാല വിസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുള്ളതിനാല്‍ നിഖില്‍ തോമസിന്റെ എം.കോം അഡ്മിഷന്‍ റദ്ദാക്കുമെന്നും കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷം കായം കുളം എം.എസ്.എം കോളജില്‍ പഠിച്ച് പരീക്ഷയെഴുതിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.