കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും അഭിനേത്രിയുമായ കാവ്യ മാധവന്റെ എറണാകുളം തമ്മനത്തുള്ള വില്ലയിൽ പൊലീസ് പരിശോധനയ്‌ക്കെത്തി. ഇന്നലെ രണ്ട് തവണ ഇവിടെയെത്തിയ പൊലീസ് പക്ഷെ തിരച്ചിൽ നടത്താതെ മടങ്ങി.

പൊലീസ് എത്തുമ്പോൾ വീട് അടച്ചുപൂട്ടിയ നിലയിൽ ആയതിനാലാണ് പരിശോധന നടക്കാതെ പോയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പൊലീസ് സംഘം ഇവിടെയെത്തിയത്. കഴിഞ്ഞ ദിവസം കാവ്യ മാധവന്റെ കാക്കനാട് മാവേലിപുരത്തുള്ള ലക്ഷ്യ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് സംഘം വീട്ടിലും തിരച്ചിൽ നടത്തിയത്. നേരത്തേ കേസിൽ പിടിയിലായ മുഖ്യപ്രതി പൾസർ സുനി നടൻ ദിലീപിന് അയച്ചതായി സംശയിക്കപ്പെടുന്ന കത്തിൽ ഈ സ്ഥാപനത്തെ കുറിച്ച് രണ്ട് തവണ പരാമർശിച്ചിരുന്നു.

ഒളിവിൽ പോകും മുൻപ് ഈസ്ഥാപനത്തിൽ പോയിരുന്നുവെന്ന കാര്യമാണ് കത്തിൽ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിൽ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് പരിശോധിക്കുന്നതിനായി സിഡിറ്റിലേക്ക് അയക്കുമെന്നാണ് വിവരം.

സ്ഥാപനത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വിവരം നൽകി. മഫ്തിയിൽ വളരെ രഹസ്യമായാണ് പൊലീസ് സംഘം കടയിലെത്തിയത്. പെരുമ്പാവൂർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഇവിടുത്തെ ജീവനക്കാരോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

പൾസർ സുനി നടൻ ദിലീപിന് എഴുതിയെന്ന് സംശയിക്കുന്ന കത്തിലെ പരാമർശങ്ങൾ ശരിയാണോയെന്നറിയാനാണ് പൊലീസിന്റെ ശ്രമം. പൾസർ സുനി എഴുതിയ കത്തിൽ കാക്കനാട്ടെ ഷോപ്പിൽ പോയതായി രണ്ടുതവണ പറഞ്ഞിരുന്നു. ഈ കത്ത് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് കത്തിനെ കുറിച്ച് നടൻ ദിലീപ് വ്യക്തമാക്കിയിരുന്നത്. ഇക്കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം.

കൃത്യം നടത്തിയ ശേഷം ഒളിവിൽ പോകും മുൻപാണ് പ്രതികൾ കാക്കനാട്ടെ കടയിലെത്തിയതായി പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ദിലീപിനോട് പൊലീസ് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് നടിക്കെതിരെ മോശം പരാമർശം നടത്തിയവർക്കെതിരെ താരസംഘടനയായ അമ്മയുടെ മൃദുസമീപനം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇവർക്കെതിരെ വുമൺ ഇൻ കളക്ടീവ് സിനിമ നൽകിയ പരാതി വനിത കമ്മിഷൻ ഫയലിൽ സ്വീകരിച്ചു.

നടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പരാമർശം നടത്തിയതിനും മോശമായി ചിത്രീകരിച്ചതിനും നടൻ ദിലീപ് അടക്കമുള്ളവർക്ക് വനിത കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ഇന്നലെ ബെംഗലൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈനാണ് ഇക്കാര്യം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook