കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാവ്യ മാധവനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തത് ആറ് മണിക്കൂറോളം. രാവിലെ 11 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ പ്രതികളെത്തിയതിനെ കുറിച്ചാണ് പൊലീസ് ചോദിച്ചത്.

എന്നാൽ തനിക്ക് ഇക്കാര്യത്തെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് കാവ്യ നൽകിയ മൊഴി. മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം എത്തിയത്. മൊഴി നൽകുന്നതിനിടെ കാവ്യ മാധവൻ പല തവണ വിതുമ്പിക്കരഞ്ഞു. ഇവരിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

പ്രതികൾ ലക്ഷ്യയിലെത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് അറിയില്ലെന്നാണ് ഇവർ നൽകിയ മൊഴി. ഇതിന് പുറമേ നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് അസ്വസ്ഥനായിരുന്നോ, എങ്ങിനെയായിരുന്നു പെരുമാറ്റം തുടങ്ങി നിരവധി ചോദ്യങ്ങൾ വേറെയും പൊലീസ് ചോദിച്ചു. എന്നാൽ ദിലീപ് നിരപരാധിയാണെന്ന നിലപാടിൽ കാവ്യ ആദ്യാവസാനം ഉറച്ചുനിന്നു.

Read More: നടിയെ ആക്രമിച്ച സംഭവം; റിമി ടോമിയോട് പൊലീസ് വിവരങ്ങൾ ചോദിച്ചു

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടുവരെയാണ് നീട്ടിയിരിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് ദിലീപിനെ കോടതിക്കു മുന്നിൽ ഹാജരാക്കിയത്.

കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പൊലീസ് വീഡിയോ കോൺഫറൻസിംഗ് വഴി പ്രതിയെ കോടതിയിൽ ഹാജരാക്കാൻ അപേക്ഷ നൽകിയത്. വെറും ഒരു മിനിറ്റ് നേരം മാത്രമാണ് വീഡിയോ കോൺഫറസ് നടന്നത്. എന്തെങ്കിലും പരാതികളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.

കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ