കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ ഭാര്യ കാവ്യ മാധവനും മകൾ മീനാക്ഷിയും സന്ദർശിച്ചു. ദിലീപ് അറസ്റ്റിലായതിനുശേഷം ആദ്യമായാണ് കാവ്യ ജയിലിലെത്തി ദിലീപിനെ കാണുന്നത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സന്ദർശനം. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായും ദിലീപിനെ ഇന്ന് ജയിലിൽ സന്ദർശിച്ചു.

ആലുവ സബ്‌ജയിലിലെത്തിയാണ് ദിലീപിനെ കാവ്യയും മീനാക്ഷിയും കണ്ടത്. ദീർഘനാളായി തടവിൽ കഴിയുന്ന ദിലീപിന് ഇന്നും ജാമ്യം നിഷേധിച്ചിരുന്നു. അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുക്കാൻ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ഇളവനുവദിച്ചതല്ലാതെ ജാമ്യം അനുവദിച്ചിരുന്നില്ല.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ അനുമതി നൽകിയത്. ബുധനാഴ്ച ദിലീപിന് ജയിലിനു പുറത്തിറങ്ങി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാം. വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ചടങ്ങുകൾ നടക്കുന്നത്. രണ്ടിടങ്ങളിലെയും ചടങ്ങുകളിൽ പങ്കെടുക്കാൻ 2 മണിക്കൂറാണ് ദിലീപിന് കോടതി സമയം അനുവദിച്ചത്.

സെപ്തംബർ ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. 7 വർഷമായി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾ മുടക്കിയിട്ടില്ലെന്നും അത് നിർവഹിക്കാൻ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്നും കോടതിയിൽ ദിലീപ് ആവശ്യപ്പെട്ടു.

എന്നാൽ ദിലീപിന്റെ അപേക്ഷയെ പ്രൊസിക്യൂഷൻ എതിർത്തു. കഴിഞ്ഞ വർഷം അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് ബലിയിട്ടിരുന്നില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഇത്തരമൊരു ആവശ്യവുമായി എത്തിയതിൽ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ