തിരുവനന്തപുരം: കവിയൂർ കേസിൽ സിബിഐയുടെ അന്വേഷണ റിപ്പോർട്ട് കോടതി വീണ്ടും തളളി. നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി തളളിയത്.

കുടുംബം ആത്മഹത്യ ചെയ്തതാണെന്നും അച്ഛനോ കുടുംബവുമായി ബന്ധപ്പെട്ടവരോ ആകാം കുട്ടിയെ പീഡിപ്പിച്ചതെന്നുമുളള റിപ്പോർട്ടാണ് സിബിഐ സമർപ്പിച്ചത്. ഈ റിപ്പോർട്ട് തളളിയ കോടതി തുടരന്വേഷണം നടത്താൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി.

കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്നായിരുന്നു സിബിഐ ആദ്യ മൂന്നു റിപ്പോർട്ടിലും വ്യക്തമാക്കിയത്. നാലാം റിപ്പോർട്ടിൽ കുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന നിലപാട് സിബിഐ തിരുത്തി. ഇതിനു ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

Read Also: സംസ്ഥാനത്ത് പന്ത്രണ്ടായിരം പൊതു ശുചിമുറികള്‍ നിർമിക്കും: മുഖ്യമന്ത്രി

പെൺകുട്ടി പലകുറി പീഡനത്തിനിരയായിട്ടുണ്ടെന്നും അതിൽ വിഐപികളായ രാഷ്ട്രീയ നേതാക്കളുടേയും പങ്ക് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്നു കണ്ടെത്താനായിട്ടില്ലെന്നും ആത്മഹത്യ ചെയ്യുന്നതിന് 72 മണിക്കൂര്‍ മുന്‍പും പെണ്‍കുട്ടി പീഡനത്തിനിരയായെന്നും നാലാമത്തെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടാണ് കോടതി വീണ്ടും തളളിയത്.

2004 സെപ്റ്റംബർ 28 നാണു കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയെയും ഭാര്യയെയും മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിലും മറ്റുളളവർ കിടപ്പുമുറിയിൽ മരിച്ചനിലയിലുമായിരുന്നു. ഇതിൽ മൂത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.

കിളിരൂർ പീഡനക്കേസിലെ പ്രതിയായ ലതാ നായരാണ് കവിയൂർ കേസിലെ ഏകപ്രതി. ലതാ നായർ ഈ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ലതാനായരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടിയുള്ള ഗൃഹനാഥന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കവിയൂര്‍ കേസ് വിവാദമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.