തിരുവനന്തപുരം: കവിയൂർ കൂട്ട ആത്മഹത്യ കേസിൽ നിലപാട് മാറ്റി സിബിഐ. പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനാണെന്ന് ഉറപ്പില്ലെന്നാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച നാലാമത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. അച്ഛനാണെന്നത് സംശയം മാത്രമാണ്. ഇതിന് തെളിവില്ലെന്നും പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കുന്നു.

കുട്ടിയെ അച്ഛൻ പീഡിപ്പിച്ചുവെന്നായിരുന്നു നേരത്തെ സമർപ്പിച്ച മൂന്നു റിപ്പോർട്ടിലും ഉണ്ടായിരുന്നത്. എന്നാൽ ഈ മൂന്നു റിപ്പോർട്ടും കോടതി തളളിയിരുന്നു. അച്ഛൻ കുട്ടിയെ പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുണ്ടോയെന്ന് ആരാഞ്ഞ ശേഷമാണ് കോടതി റിപ്പോർട്ട് തളളുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്.

നേരത്തെ കേസ് പരിഗണിച്ചപ്പോൾ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് സിബിഐ സംഘം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഡിസംബര്‍ 17-നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ കോടതി ഉത്തരവിട്ടത്. രാഷ്ട്രീയ നേതാക്കൾക്കോ മക്കൾക്കോ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നാണ് ഇപ്പോൾ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ പറയുന്നത്. പുറത്തുനിന്നുളള ആർക്കും കുടുംബത്തിന്റെ ആത്മഹത്യയിൽ പങ്കില്ല. ഡിഎൻഎ ഉൾപ്പെടെയുളള ശാസ്ത്രീയ പരിശോധനകൾ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രതി ലത നായരാണ് കുടുംബത്തിന്റെ ആത്മഹത്യയ്ക്കു പ്രേരണയായതെന്നും റിപ്പോർട്ടിലുണ്ട്.

2004 സെപ്റ്റംബർ 28 നാണ് നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യയും മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാ നായരായിരുന്നു കേസിലെ ഏകപ്രതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.