പട്ടാമ്പി: കാലം അശാന്തിയിലാണെന്നു കവി കെ.ജി.ശങ്കരപ്പിള്ള. പ്രതിരോധത്തിന്റെ കാവ്യപാരമ്പര്യമാണു മലയാളമടക്കമുള്ള ഇന്ത്യന്‍ ഭാഷകളിലുള്ളതെന്നും അതു പ്രോത്സാഹിപ്പിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. കവിതയുടെ കാര്‍ണിവലിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താന്‍ കവിതയിലേക്കു വളര്‍ന്നതു വംശഹത്യയുടെയും കൂട്ടക്കൊലകളുടെയും ഓര്‍മകളിലൂടെയാണെന്നു മുഖ്യാതിഥിയായിരുന്ന ശ്രീലങ്കന്‍ തമിഴ് കവി ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു. ശ്രീലങ്കയില്‍ ഈഴം തമിഴരെ കൂട്ടത്തോടെ ഭരണകൂടം കൊന്നൊടുക്കുകയായിരുന്നു. എല്ലാക്കാലത്തും ഇരയാക്കപ്പെടുകയാണെന്ന തന്റെ ബോധമാണു കവിതയിലേക്കും പിന്നീട് മാധ്യമപ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടാന്‍ വഴിയൊരുക്കിയതെന്നും ചേരന്‍ രുദ്രമൂര്‍ത്തി പറഞ്ഞു. ഭരണകൂട ക്രൂരതകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു ജയില്‍വാസം അനുഭവിച്ച ചേരന്‍ അഭയം തേടി കാനഡയിലാണിപ്പോള്‍.

പട്ടാമ്പി ഗവ. സംസ്‌കൃത കോളജില്‍ ഞായറാഴ്ചവരെ നടക്കുന്ന കവിതയുടെ കാര്‍ണിവലിൽ ഇത്തവണ തെന്നിന്ത്യന്‍ ഭാഷകളിലെ കവിതകള്‍ക്കാണു പ്രാധാന്യം നല്‍കിയിരിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തുളു, തെലുഗു, ബ്യാരി ഭാഷകളില്‍നിന്നുള്ള യുവ കവികള്‍ കാര്‍ണിവലില്‍ കവിത അവതരിപ്പിക്കുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ എഴുതുന്ന യുവ കവികളുടെ സംഗമത്തില്‍ അരുണാങ്ക് ലത, ഷെയ്ഖ് യൂസഫ് ബാബ, ഗുണ്ടുരു ലക്ഷ്മി നരസിംഹ്, രാജേന്ദ്രപ്രസാദ് (തെലുങ്ക്), ഇസൈ, ചാധുരൈ, കവിന്‍ മലര്‍, ദീപ ഹരി (തമിഴ്), തെര്‍ലി ശേഖര്‍, സി രേഷ്മ, സുബിന്‍, കാര്‍ത്തിക് (മലയാളം) എന്നിവര്‍ പങ്കെടുത്തു. മലയാളത്തിലെ ഗോത്രഭാഷകളെ പ്രതിനിധീകരിച്ച് അശോകന്‍ മറയൂര്‍, അനില്‍കുമാര്‍ എന്നിവരും കന്നഡയില്‍നിന്ന് എച്ച് എസ് അനുപമ, ആരിഫ് രാജ, ശോഭ നായിക്, ബസവരാജ് ഹൃത്‌സഖി എന്നിവരും പങ്കെടുത്തു. കവി അന്‍വര്‍ അലി മോഡറേറ്ററായി.

‘മലയാള കവിതയിലെ സൂഫിപാരമ്പര്യം’ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ഇ. എം ഹാഷിം, ഷഹനവാസ്, സി. ഹംസ, മൂസാഹാജി ആനക്കചേരി എന്നിവര്‍ സംസാരിച്ചു. കാര്‍ണിവലിന്റെ ഭാഗമായി ആരതി അശോക് തന്റെ കവിതകളുടെ ഇന്‍സ്റ്റലേഷന്‍ ‘വേര്‍ഡ് മി ഔട്ട്’എന്ന പേരില്‍ ഒരുക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.