നിലമ്പൂർ: ഉരുൾപൊട്ടൽ മഹാദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുത്തുമലയിലും കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും. കവളപ്പാറയിൽ നിന്ന് 11 പേരെയും പുത്തുമലയിൽ നിന്ന് അഞ്ച് പേരെയും കൂടി കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

അതേസമയം, ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും. സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറും ഇന്ന് കവളപ്പാറയിലെത്തുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയർഫോഴ്‌സും സന്നദ്ധ സംഘടന പ്രവർത്തകരും ചേർന്നാണ് പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.

Also Read: അവസാനശ്വാസം അവശേഷിച്ചു: പുത്തുമലയിൽ 24 മണിക്കൂറിന് ശേഷം ഒരാളെ ജീവനോടെ കണ്ടെത്തി

വയനാട് പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. ചാലിയാർ പുഴയിലൂടെ നിലമ്പൂർ ഭാഗത്തേക്കാണ് തിരച്ചിൽ നടത്തുക. മൂപ്പനാട് പഞ്ചായത്തിലെ പരപ്പൻപാറയിൽ നിന്ന് നിലമ്പൂരിനടുത്ത് മുണ്ടേരി വരെയാണ് ചാലിയാറിലൂടെ തിരച്ചിൽ നടത്തുക.

Also Read: ദുരിതഭൂമിയിലെ ദുരന്തങ്ങള്‍; കവളപ്പാറയില്‍ നിന്നും പുരോഹിതരുടെ ‘ഗ്രൂപ്പ് സെല്‍ഫി’, പ്രതിഷേധം ശക്തം

നേരത്തെ ആറ് കിലോമീറ്ററിലധികം ദൂരത്തിൽ തിരച്ചിൽ നടത്തിയിട്ടും കാര്യമുണ്ടായിരുന്നില്ല. സാധ്യമായതെല്ലാം ചെയ്ത് കഴിഞ്ഞെന്ന് കാണാതായവരുടെ ബന്ധുക്കളുമായി നടത്തിയ ചർച്ചയിൽ ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാൽ തിരച്ചിൽ അവസാനിപ്പിക്കരുതെന്ന ആവശ്യത്തിൽ ബന്ധുക്കൾ ഉറച്ച് നിന്നതോടെയാണ് നിലമ്പൂർ ഭാഗത്തേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനമായത്. പുത്തുമലയിലെ തിരച്ചിൽ മൂന്ന് ദിവസം മുൻപ് തന്നെ അവസാനിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.