scorecardresearch

രാേഗിയെ ബുദ്ധിമുട്ടിച്ചു; കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത് മന്ത്രി

കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ സനീഷിനെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്‌തു നൽകാൻ സബ് രജിസ്‌ട്രാർ സമ്മതിച്ചത്

G Sudhakaran, ജി സുധാകരന്‍, Nithin Gadkari, നിതിൻ ഗഡ്കരി, NH, നാഷ്ണൽ ഹെെവേ, Kerala, കേരളം, Alphons Kannathanam, അൽഫോൺസ് കണ്ണന്താനം,

തിരുവനന്തപുരം: ക്യാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌തു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് സബ് രജിസ്‌ട്രാർക്കെതിരെ നടപടിയെടുത്തത്.

കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്‌ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.

കടുത്ത രോഗബാധിതനും കിടപ്പു രോഗിയുമായ സനീഷിനെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി സനീഷിനെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്‌തു നൽകാൻ സബ് രജിസ്‌ട്രാർ സമ്മതിച്ചത്. ഇതിനെതിരെ നേരത്തെ വിമർശനമുയർന്നിരുന്നു. ഇതേ തുടർന്നാണ് മന്ത്രി നേരിട്ടു ഇടപെട്ട് സബ് രജിസ്‌ട്രാർക്കെതിരെ നടപടി സ്വീകരിച്ചത്.

കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നതായി മന്ത്രി പറയുന്നു.

Read Also: ശബരിമലയിലെ കഴുതകൾക്കുള്ള ചൈതന്യം തന്ത്രിമാർക്കില്ല: ജി സുധാകരൻ

കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്‌മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്‌പെൻഡ് ചെയ്‌തതായി മന്ത്രി അറിയിച്ചു.

ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്റെ, അനുതാപത്തിന്റെ ചക്രവാളം കൂടി കാണാൻ ‘Interpretation of Legislation’ അഥവാ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണും മനസും ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ലെന്നും അദ്ദേഹം താക്കീത് നൽകി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kattappana sub registrar suspended g sudhakaran