തിരുവനന്തപുരം: കശ്മീരിലെ കത്തുവയില്‍ മുസ്‌ലിം ബാലികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ തെരുവുകള്‍‍ കേന്ദ്രീകരിച്ച് രാജ്യമൊട്ടാകെ പ്രതിഷേധം. ഉന്നാവോ ബലാത്സംഗത്തിനും കത്തുവ സംഭവത്തിനും എതിരായ പ്രതിഷേധത്തില്‍ രാജ്യ തലസ്ഥാനത്തടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ നടന്ന പ്രതിഷേധത്തില്‍ ഭരണപരിഷ്കരണ ചെയര്‍മാന്‍  വി എസ് അച്യുതാനന്ദൻ  അഭിവാദ്യം ചെയ്തു സംസാരിച്ചു. നരാധമന്മാരെ ഒറ്റപ്പെടുത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

kathuva protest in kochi

എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പ്രതിഷേധം: ഫൊട്ടോ കടപ്പാട് വർഗീസ് ആന്റണിയുടെ ഫെയ്‌സ് ബുക്ക്

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ആയിരിക്കണക്കിനാളുകൾ പങ്കെടുത്തു. രാഷ്ട്രീയത്തിനതീതമായി ഒത്തുകൂടിയ ജനാവലി വിങ്ങുന്ന ഹൃദയത്തോടെ കത്തുവ- ഉന്നാവോ സംഭവങ്ങള്‍ക്കെതിരെ നിലകൊളളുന്ന കേരളത്തിന്റെ പ്രതീകമായി. കേരളത്തിലെ ഉൾപ്രദേശങ്ങളിലും കത്തിച്ച മെഴുകുതിരികളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധം ആളിക്കത്തി.


സാഹിത്യകാരന്‍ സക്കറിയ, ബീനാപോള്‍, സംവിധായകന്‍ വേണു, ഛായാഗ്രാഹകൻ കെ ജി ജയൻ, ചിത്രകാരന്മാരായ എ അജയകുമാർ, ജീവൻ, ജോർജ്, ആർക്കിടെക്റ്റ് ശങ്കർ, പൊതുപ്രവർത്തകരായ ഗീതാനസീർ, ഷീല  തുടങ്ങിയവർ തിരുവനന്തപുരത്തെ പ്രതിഷേധത്തിൽ പങ്കെടുത്തു.

kathuva protest in thrissur

തൃശൂരിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്

കൊച്ചിയിൽ മറൈൻ ഡ്രൈവിലും കോഴിക്കോട് കിഡ്സോണ്‍ കോര്‍ണറിലാണ് പ്രതിഷേധം നടന്നത്. തൃശൂരിലും പ്രതിഷേധവും പ്രകടനവും നടന്നു.

ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന ആക്ടിവിസ്റ്റാണ് രണ്ട് ദിവസം മുമ്പ് #MyStreetMyProtest എന്ന ഹാഷ് ടാഗിനൊപ്പം ബംഗളൂരു നഗരത്തില്‍ ഇത്തരം ഒരു പ്രക്ഷോഭത്തിന് ആദ്യം ആഹ്വാനം നല്‍കിയത്. പിന്നീട് ഇത് കേരളത്തിലും പരിഭാഷപ്പെടുത്തി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് തൊട്ടടുത്തുള്ള തെരുവില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനായിരുന്നു സോഷ്യല്‍ മീഡിയയുടെ ആഹ്വാനം.

ജമ്മുവിനടുത്തുള്ള കത്വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ